മലയാളി ഡോക്‌ടറെ യുപിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഗോരഖ്‌പൂർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിലെ (ബിആർഡി) പിജി അനസ്തേഷ്യ വിദ്യാർഥിയായ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി. അനസ്തേഷ്യ വിഭാഗത്തിലെ 32 വയസുള്ള തിരുവനന്തപുരം സ്വദേശി അവിഷോ ഡേവിഡിൻ്റെ മൃതദേഹമാണ് ഹോസ്റ്റൽ മുറിയിൽ നിന്നും കണ്ടെത്തിയത്.
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ പത്ത് മണിയായിട്ടും ഡോക്‌ടർ അവിഷോ ഡേവിഡിനെ ഡിപ്പാർട്ട്‌മെൻ്റിൽ ഡ്യൂട്ടിക്ക് കാണാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാനാകാത്തിനെ തുടർന്ന് അനസ്തേഷ്യ വിഭാഗം ജീവനക്കാർ നേരിട്ട് അന്വേഷിച്ചെത്തുകയായിരുന്നു. ജീവനക്കാർ ജനാലയിലൂടെ മുറിയിലേക്ക് നോക്കിയപ്പോൾ കിടക്കുന്ന നിലയിലായിരുന്നു അദ്ദേഹം.
ഏറെ നേരം വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ ജീവനക്കാർ ഡിപ്പാർട്ട്‌മെൻ്റിലെ മറ്റ് ഡോക്‌ടർമാരെ വിവരം അറിയിച്ചു. സഹപ്രവർത്തകർ ചേർന്ന് മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറുകയായിരുന്നു. മുറിയുടെ വാതിൽ അകത്ത് നിന്ന് അടച്ച നിലയിലായതിനാൽ കേസ് ആത്മഹത്യയാണെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു.എന്നാൽ മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും പൊലീസ് അറിയിച്ചു. വിവാഹിതനായ ഡോക്‌ടർ ഡേവിഡ് തനിച്ചായിരുന്നു താമസം. ഭാര്യയും കുടുംബാംഗങ്ങളും മലയാളികളാണ്. ബിആർഡി മെഡിക്കൽ കോളജിൽ പിജി അനസ്തേഷ്യ അവസാന വർഷ വിദ്യാർഥിയായിരുന്നു ഡോക്‌ടർ അവിഷോ ഡേവിഡ്.