വിമാനദുരന്തം: എഞ്ചിനിലേയ്ക്കുളള ഇന്ധന വിതരണം നഷ്ടപ്പെട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: അഹമ്മഹാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ വിവരങ്ങൾ പുറത്തവിട്ട് എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). വിമാനത്തിൻ്റെ രണ്ട് എഞ്ചിനിലേയ്ക്കുമുളള ഇന്ധന ഒഴുക്ക് നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്ന് അന്വേഷണ റിപ്പോർട്ട്. ടേക്ക് ഓഫിന് നിമിഷങ്ങൾക്കകം ഇന്ധന ഒഴുക്കു നിലയ്ക്കുകയായിരുന്നു.
ഇന്ധനവിതരണം നിലച്ചതിനെത്തുടര്‍ന്ന് ഇരു എന്‍ജിനുകളുടേയും ശക്തി നഷ്‌ടപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഫ്ലൈറ്റ് റെക്കോർഡിലെ വിവരങ്ങൾ പ്രകാരം വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്‌തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇന്ധന സ്വിച്ച് ഓഫ് ചെയ്‌തത് എന്തിനെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്ന ശബ്‌ദം വിമാനത്തിലെ കോക്‌പിറ്റ് വോയിസ് റെക്കോർഡിൽ നിന്നും ലഭിച്ചു.
എന്നാൽ ഏത് പൈലറ്റിൻ്റേതാണ് ശബ്‌ദമെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിമാനത്തിന് ഇന്ധനം നിറയ്ക്കാൻ ഉപയോഗിച്ച ബൗസറുകളിൽ നിന്നും ടാങ്കുകളിൽ നിന്നും ശേഖരിച്ച ഇന്ധന സാമ്പിളുകൾ ഡിജിസിഎ (ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) ലാബിൽ പരിശോധിച്ചു. റിപ്പോർട്ട് തൃപ്‌തികരമെന്ന് കണ്ടെത്തിയതായും എഎഐബി അറിയിച്ചു.
ശനിയാഴ്‌ച പുറത്തിറങ്ങിയ എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിൽ ബോയിംഗ് 787-8 വിമാനങ്ങളുടെ ഓപ്പറേറ്റർമാർക്കെതിരെ ഇപ്പോൾ നടപടിയൊന്നും സ്വീകരിക്കരുതെന്ന് ശുപാർശ ചെയ്‌തു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഒരു കനേഡിയനും 7 പോർച്ചുഗീസുകാരും ഉൾപ്പെടെ 241 പേർ മരിച്ചിരുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഈ വിമാനാപകടത്തിൽ മരിച്ചിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് മാത്രമാണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.