“ഭാരതം കണ്ടുപിടുത്തങ്ങളുടെ അമൂല്യ മേഖല” : അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, ഗോവ ഗവർണ്ണർ

മുംബൈ : ലോകത്തെ മാറ്റിമറിച്ച പൗരാണിക ഭാരതം, കണ്ടുപിടുത്തങ്ങളുടെ അമൂല്യ മേഖലയാണെന്ന് ഗോവ ഗവർണ്ണർ അഡ്വ..പി.എസ് .ശ്രീധരൻപിള്ള.
ഇത്തരം കാര്യങ്ങൾ നമ്മൾ അറിയാതെപോകുന്നുണ്ട് . പുരാതന ഇന്ത്യ ലോകത്തെ എങ്ങനെ മാറ്റിമറിച്ചു എന്നത് അറിയണമെങ്കിൽ ഏറെ വർഷക്കാലം ഇന്ത്യയിൽ താമസിച്ച് പൗരാണിക ഇന്ത്യയുടെ ചരിത്രം പഠിച്ച് , ലോക പ്രശസ്‌ത ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡാൾറിംപിൾ എഴുതിയ ‘ ദ ഗോൾഡൻ റോഡ് ‘ എന്ന ബൃഹത്തായ പുസ്‌തകം വായിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ സമാജം ഡോംബിവലി സംഘടിപ്പിച്ച , മോഡൽ കോളേജ് കെട്ടിടത്തിൻ്റെ മൂന്നാം ഘട്ട നിർമ്മിതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഗണിതമാർഗ്ഗങ്ങൾ പാശ്ചാത്യർ ആവിഷ്‌ക്കരിക്കുന്നതിന് രണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിന് ഏറെ സഹായിച്ച ‘പൈ’ യുടെ കൃത്യമായ മൂല്യനിർണ്ണയം നടത്തിയ സംഗമഗ്രാമ മാധവൻ കേരളത്തിലെ ഇരിങ്ങാലക്കുടയിൽ ജീവിച്ച ആളായിരുന്നു എന്നത് പുതിയ തലമുറയ്ക്ക് അറിയില്ല. അതുപോലെ ലോക പ്രശസ്‌തനായ ഹൃദയശസ്ത്രക്രിയ വിദഗ്ദ്ധൻ കായംകുളം കാരനായ കെ.എം ചെറിയാനാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹൃദയ ശസ്ത്രക്രിയ നടത്തിയതെന്നും ഏകദേശം അമ്പതിനായിരത്തോളം ശസ്ത്രക്രിയ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
“‘സർജറിയുടെ പിതാവ് ‘ എന്ന് അറിയപ്പെടുന്നത് ഭാരതീയനായ ശുശ്രുതനാണ് . സ്വന്തം പൈസ മുടക്കി ശുശ്രുതൻ്റെ പ്രതിമ ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള ‘റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് സർജൻസ് ‘ മുന്നിൽ ഡോ.കെഎം ചെറിയാൻ സ്ഥാപിച്ചിട്ടുണ്ട്.”.ശുശ്രുതനെ പറ്റി കൂടുതൽ അറിഞ്ഞതിനു ശേഷം ഗോവയിലെ രാജ്ഭവനിൽ അദ്ദേഹത്തിന്റെ വലിയൊരു ചിത്രം ഞാൻ സ്ഥാപിച്ചിട്ടുണ്ട്
1400 വർഷങ്ങൾക്ക് മുമ്പ് ബോൺസായ് മരങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത് ജപ്പാനാണ് .അത് കൂടുതൽ കയറ്റുമതി ചെയ്യുന്നത് ചൈനയാണ് . ഒരിക്കൽ ഗോവയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് അയ്യായിരം വർഷങ്ങൾക്കു മുന്നേ ‘വാമന വൃക്ഷ കല ‘ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് ഒരാളിൽ നിന്ന് ഞാനറിഞ്ഞത്.” ഗവർണ്ണർ പറഞ്ഞു.
കേരളത്തിന് പുറത്തെത്തുന്ന മലയാളി സ്വന്തം വ്യക്തി പ്രഭാവം ഉയർത്തിപിടിക്കുന്നതിൽ എന്നും മുന്നിലാണ്. അവർ എവിടെയും ‘opinion makers ‘ ആണ്.”താൻ ആദ്യം കരുതിയത് ഏറ്റവും വലിയ മലയാളി കൂട്ടായ്‍മ ചെന്നൈയിൽ ആണ് എന്നായിരുന്നു . ഏഷ്യയിലെ തന്നെ ഏറ്റവും മലയാളി കൂട്ടായ്‌മ ഡോംബിവ്‌ലിയിൽ ആണെന്നത് ഇപ്പോഴാണ് അറിയുന്നത്.
കേരളീയ സമാജം ഡോംബിവ്‌ലി വിദ്യാഭ്യാസ മേഖലയിൽ നേടിയ നേട്ടങ്ങളെ അദ്ധേഹം പ്രകീർത്തിച്ചു .മറുനാട്ടിൽ വന്ന് ഇത്രയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കി എന്ന കാര്യം അറിഞ്ഞപ്പോൾ എനിക്കാദ്യം തലകറക്കം ഉണ്ടായി എന്ന് ആദ്ദേഹം ഹാസ്യ രൂപേണ പറഞ്ഞു . പഴയ പല മൂല്യങ്ങളും പുതു ലമുറയിലേക്കു പകരാൻ സമാജങ്ങളിലൂടെ സാധിക്കുമെന്നും ഗവർണർ പറഞ്ഞു.
ഗോവയിൽ ഗവർണ്ണറായതിന് ശേഷം താൻ ആദ്യമായി പങ്കെടുക്കുന്ന മലയാളി പരിപാടിയാണ് ഇതെന്നു പറഞ്ഞ ഗവർണ്ണർ സംഘടന ഇനിയും ഉന്നതിയിലേക്ക് വരട്ടെ എന്ന് ആശംസിസിച്ചു.
ഔദ്യോഗിക ഉദ്‌ഘാടന സമ്മേളനത്തിന് മുമ്പ് കോളേജിൻ്റെ പ്രവേശന വഴിയിൽ സ്ഥാപിച്ച ശിലാഫലകത്തിന്റെ അനാച്ഛാദന കർമ്മവും കോളേജ് കെട്ടിടത്തിൻ്റെ പുതിയ നിലകളിലേയ്ക്കുള്ള പ്രവേശനോദ്ഘാടനവും ഗവർണ്ണർ നിർവ്വഹിച്ചു .
ഗണേഷ് അയ്യരുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ഉദ്‌ഘാടന സമ്മേളനത്തിൽ സമാജം പ്രസിഡന്റ് ഇ.പി. വാസു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജശേഖരൻ നായർ സ്വാഗതം പറഞ്ഞു.സമാജത്തിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന ചരിത്രം ഹ്രസ്വമായി പ്രസിഡന്റ് ഇ.പി.വാസു അവതരിപ്പിച്ചു. സ്വാഗത പ്രസംഗത്തിൽ ഉദ്‌ഘാടന സുദിനം ഒരു ചരിത്ര മുഹൂർത്തമാണ് എന്ന് ജനറൽ സെക്രട്ടറി രാജശേഖരൻ നായർ വിശേഷിപ്പിച്ചു.
ചെയർമാൻ വർഗ്ഗീസ് ഡാനിയൽ , പുതിയ നിലകളുടെ ഉദ്ഘാടനം ഗവർണ്ണറുടെ സാന്നിധ്യത്തിൽ വേണമെന്നത് തന്റെയും ഭരണസമിതിയുടെയും അംഗങ്ങളുടേയും ഒരു സ്വപ്നമായിരുന്നു എന്നു പറഞ്ഞു. ക്ഷണിച്ചയുടനെ അതിന് സന്നദ്ധനായി അതിഥിയായി എത്തിയ ഗവർണ്ണർക്ക് അദ്ദേഹം നന്ദി പറഞ്ഞു .അതോടൊപ്പം കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു .അത്യന്താധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ നിലകളിലെ സംവിധാനങ്ങളെക്കുറിച്ച് അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.
ആർ.നാരായണൻ കുട്ടി അവതാരകനായിരുന്നു. കോളേജ് പ്രിൻസിപ്പൾ ഡോ.രവീന്ദ്ര പ്രഭാകർ ബംബാർഡ്ക്കർ നന്ദി പറഞ്ഞു.
തുടർന്ന് കോളേജ് വിദ്യാർത്ഥികളുടെയും സമാജം അംഗങ്ങളുടേയും വിവിധ കലാപരിപാടികൾ നടന്നു.
MURALI PERALASSERI