ഡോംബിവ്‌ലി മോഡൽ കോളേജ് : മൂന്നാംഘട്ട നിർമ്മിതിയുടെ ഉദ്‌ഘാടനം ഇന്ന് 4 മണിക്ക്

ചരിത്രനിമിഷം, ആഘോഷമാക്കാനൊരുങ്ങി കേരളീയസമാജം ഡോംബിവ്‌ലി
മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ കോളേജ് (കമ്പൽപാഡ)കെട്ടിടത്തിൻ്റെ മൂന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കി, പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് സംഘടിപ്പിക്കുന്ന ഉദ്ഘാടന, ആഘോഷ ചടങ് ഇന്ന് വൈകുന്നേരം 4 മണിക്ക് .ചടങ്ങിൽ ഗോവ ഗവർണ്ണർ ഡോ.പിഎസ് .ശ്രീധരൻ പിള്ള മുഖ്യാതിഥിയായിരിക്കും .
ഡോംബിവ്‌ലി എംഎൽഎയും മുൻ ക്യാബിനറ്റ് മന്ത്രിയുമായ രവീന്ദ്ര ചവാൻ,എംഎൽഎ രാജേഷ് മോറെ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികളുടേയും സമാജം കലാവിഭാഗത്തിൻ്റെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.
താക്കുർളിക്ക് സമീപമുള്ള (ഡോംബിവലി/ ഈസ്റ്റ് )കമ്പൽപാടയിലെ നിലവിലുള്ള കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2012ലാണ് ആരംഭിച്ചിരുന്നത് . അഞ്ച് നിലയിൽ നിർമ്മാണം പൂർത്തിയാക്കിയ ശേഷം, 2015ൽ കോളേജ് ഉദ്ഘാടനം ചെയ്‌തു. രണ്ടുനില കൂടി കൂട്ടിച്ചേർത്തു കൊണ്ടുള്ള കെട്ടിടത്തിൻ്റെ അവസാന ഘട്ട നിർമ്മാണം ആരംഭിച്ചത് മുമ്പാണ് .ഇതിപ്പോൾ പൂർത്തിയായി പ്രവർത്തന സജ്ജമായിരിക്കയാണ്. ക്ലാസ്സ് മുറികൾ ,കമ്പ്യുട്ടർ ലാബ് ,വിശാലമായ ലൈബ്രറി ,പ്രിൻസിപ്പലിനും അധ്യാപകർക്കുമുള്ള ഓഫീസ് മുറികൾ , ഏകദേശം ഇരുനൂറ്റി പതിനഞ്ചോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ ഈ നിലകളിലുണ്ട് . ഇതിൻ്റെ ഉദ്‌ഘാടനമാണ് ഇന്ന് നടക്കുക .