നിശബ്ദലോകത്തെ കായിക വീര്യത്തിന് അംഗീകാരം : സുധിഷ് നായർക്ക് അന്താരാഷ്ട്ര പുരസ്ക്കാരം

മുംബൈ: വിധിയെ പൊരുതി തോൽപ്പിച്ച് വിജയങ്ങൾ സ്വന്തമാക്കുന്ന സുധിഷ് നായർക്ക് പുതിയൊരു അംഗീകാരം കൂടി. ക്രിക്കറ്റ് രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ്സിന്റെ ‘ഇന്റർനാഷണൽ ഐകൺ അവാർഡ് 2025’ ന് സുധിഷ് അർഹനായി .
ക്രിക്കറ്റിലെ മികച്ച പ്രകടനം, ജില്ലാ -സംസ്ഥാന തലങ്ങളിൽ നിന്നും സുധിഷ് നെ ദേശീയതലത്തിലേക്ക് ഉയർത്തി. ബധിരർക്കായുള്ള ദേശീയ ക്രിക്കറ്റ് അസോസിയേഷനിലേയ്ക്ക് തിരഞ്ഞെടുത്തതോടെ വെല്ലുവിളികളെ മറികടന്നാണ് അദ്ദേഹം രാജ്യത്തിൻ്റെ അഭിമാനമുയർത്തിയത്. ഇതിനകം 40 സ്വർണ്ണ മെഡലുകൾ, 26 വെള്ളി മെഡലുകൾ, 18 വെങ്കല മെഡലുകൾ അടക്കം നൂറോളം പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞ ഈ യുവാവ് രാജ്യത്തുടനീളമുള്ള കായികതാരങ്ങൾക്ക്, പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്കിടയിൽ, ഒരു പ്രചോദനവും മാതൃകയുമായിരിക്കയാണ് .‘ഇന്റർനാഷണൽ ഐകൺ അവാർഡ് 2025’ സുധിഷ് ന് നേടികൊടുത്തതും ആർക്കും മാതൃകയാക്കാവുന്ന ആദ്ദേഹത്തിലെ ഈ പോരാട്ട വീര്യമാണ്.
സുധിഷ് നായർ മഹാരാഷ്ട്രയിലെ നാസിക്കിലാണ് ജനിച്ചതും വളർന്നതും . തിരുവനന്തപുരം സ്വദേശിയായ അച്ഛൻ ആർ. സുന്ദരം നായർ ഇന്ത്യൻ ആർമിയിലായിരുന്നു. 2005ൽ അച്ഛൻ വിട പറഞ്ഞതോടെ അമ്മയുടെ തണലിലായിരുന്നു പഠിച്ചതും വളർന്നതും. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ എല്ലാ നേട്ടങ്ങൾക്കും പിറകിലെന്ന് സുധിഷ് വിശ്വസിക്കുന്നു . പരിമിതികൾ ഉണ്ടായിട്ടും ക്രിക്കറ്റ് കളി നിർത്താൻ കുടുംബത്തിലെ ആരും ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. വൈകല്യങ്ങളെ അതിജീവിച്ച് നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറി സുധിഷ് രാജ്യത്തിൻ്റെ അഭിമാനമാകുമ്പോൾ പിന്നിൽ കരുത്ത് പകർന്ന് അമ്മയും സുശീലയും രണ്ടു സഹോദരിമാരുമുണ്ട് . സുഗതയും സുഗുണയും അധ്യാപികമാരാണ് .
പഠനത്തോടൊപ്പം കായികരംഗത്തും തിളങ്ങിയ സുധിഷ് ക്രിക്കറ്റിനോടൊപ്പം മികച്ച അത്ലറ്റായും സമ്മാനങ്ങൾ വാരിക്കൂട്ടി. 2010 ൽ ആയോധന കലയായ തായ്കൊണ്ടോയിൽ ബ്ളാക്ക് ബെൽറ്റ് നേടി.അന്താരാഷ്ട്ര തായ്കൊണ്ടോ മത്സരങ്ങളിലും പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
മുംബൈയിൽ അവിനാഷ് അഗാർക്കറുടെ കീഴിലായിരുന്നു സുധിഷ് ൻ്റെ പരിശീലനം. സംസാരിക്കാനും കേൾക്കാനും കഴിഞ്ഞില്ലെങ്കിലും സുധിഷ് ന്റെ ഭാഷ അഗർക്കാർ തിരിച്ചറിഞ്ഞു. ആംഗ്യഭാഷയിൽ ക്രിക്കറ്റ് കളിയിലെ നിയമങ്ങളും വിക്കറ്റും ഇന്നിംഗ്സും റൺസുമെല്ലാം ശാസ്ത്രീയമായി സ്വായത്തമാക്കി.പിന്നീട് ദേശീയവും അന്തർദേശീയവുമായ നിരവധി മേച്ചുകളിൽ അദ്ദേഹം പങ്കെടുത്തു.
ഹൈദരാബാദിൽ നടന്ന ഏഷ്യാ കപ്പിലും ലഖ്നൗവിൽ നടന്ന വികലാംഗരുടെ ലോകകപ്പിലും ഓൾ റൗണ്ടറായി സുധിഷ് തിളങ്ങി. പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ആവേശത്തിലായ ആരാധകരുടെ ആരവങ്ങൾക്ക് മുന്നിൽ നിശബ്ദമായി ആ സന്തോഷങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു സുധിഷ് നായർ .ക്രിക്കറ്റ് ലോകത്തെ അതികായകരായ സച്ചിൻ ടെണ്ടുൽക്കർ, ധോണി അടക്കം ബോളിവുഡിലെ റിതേഷ് ദേശ്മുഖ്, സൊഹേൽ ഖാൻ തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ പ്രശംസയാണ് അദ്ദേഹം പിടിച്ച് പറ്റിയത്.
വൈകല്യങ്ങളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് തൻ്റെ സ്വപ്നങ്ങളെ സഫലീകരിച്ച സുധിഷ് പരാജയങ്ങളിൽ തളർന്നു പോകുന്ന പുതു തലമുറയ്ക്ക് മാതൃകയും വഴികാട്ടിയുമാണ്. ദേശീയ -അന്തർദേശീയ പുരസ്ക്കാരങ്ങൾ സുധിഷ് നെ തേടിവരുന്നതും സവിശേഷമായ ഈ ഗുണങ്ങളും അതിലൂടെ ആർജ്ജിതമാക്കുന്ന നേട്ടങ്ങൾ കൊണ്ടുമാണ്.
തിരുവനന്തപുരം സ്വദേശിയും ചിത്രകാരിയുമായ അരുണിമ നായർ ആണ് ഭാര്യ.ബിരുദധാരിയായ സുധിഷ് നാസിക്കിലെ വിശ്വാസ് കോ-ഓപ്പറേറ്റിവ് ബാങ്കിലെ ഉദ്യോഗസ്ഥനാണ്.