ജൂലൈ 9ന് പൊതുപണിമുടക്ക്; പിന്തുണച്ച് ഇടതു സംഘടനകൾ

0

ന്യൂഡൽഹി: പത്ത്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്തവേദി ജൂലൈ ഒമ്പതിന്‌ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ച് ഇടതു സംഘടനകൾ. സിപിഎം, സിപിഐ, സിപിഐഎംഎൽ, ആർഎസ്‌പി, ഫോർവേർഡ്‌ ബ്ലോക്ക്‌ എന്നി ഇടതുപക്ഷ പാർടികളാണ് പിന്തുണ പ്രഖ്യാപിച്ചത്. തൊഴിലാളികളുടെ അവകാശം കവരാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ ചട്ടങ്ങൾക്കെതിരായാണ്‌ പണിമുടക്ക്‌.
കോർപ്പറേറ്റ്‌ അജൻഡയുടെ ഭാഗമായുള്ള പുതിയ തൊഴിൽ ചട്ടം അടിസ്ഥാന ജനാധിപത്യ അവകാശങ്ങളെപ്പോലും ഹനിക്കുന്നതാണെന്നും നിർണായകമായ ദേശീയ വിഭവങ്ങളെപ്പോലും കേന്ദ്രം സ്വകാര്യവൽക്കരിക്കുകയാണെന്നും ഇടതു സംഘടനകൾ ആരോപിച്ചു. കർഷകരുടെയും കർഷകതൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും ജീവിതത്തെ ബാധിക്കുന്ന ഒട്ടനവധിയായ ആവശ്യങ്ങളും മുന്നോട്ടുവെച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നും ഇടതു സംഘടനകൾ വ്യക്തമാക്കി.
കർഷകസംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത കിസാൻമോർച്ചയും കർഷകതൊഴിലാളി സംഘടനകളും പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. എല്ലാ ജനവിഭാഗങ്ങളും പൊതുപണിമുടക്കിന്‌ പിന്തുണയുമായി രംഗത്തുവരണം. ഇടതുപക്ഷ പാർടികളുടെ എല്ലാ ഘടകങ്ങളും പണിമുടക്ക്‌ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ജനങ്ങളെ രംഗത്തിറക്കുകയും ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ്‌ ഭട്ടാചാര്യ, ഫോർവേർഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *