ട്രംപിൻ്റെ ‘തീരുവ ചുമത്തൽ’ ഭീഷണി : വിപണിയുടെ സന്തുലിതാവസ്ഥയിൽ തകർച്ച !

മുംബൈ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ ‘തീരുവ ചുമത്തൽ’ ഭീഷണിയിൽ ഇടിഞ്ഞ് ആഗോള വിപണി. സെൻസെക്‌സ് 55 പോയിൻ്റും നിഫ്റ്റി 22 പോയിൻ്റും നഷ്‌ടത്തിലാണ് ഇന്ത്യൻ ഓഹരി വിപണി വ്യാപാരം ആരംഭിച്ചതെന്നാണ് കണക്കുകൾ. അമേരിക്ക ചുമത്തുന്ന തീരുവയ്ക്ക് എതിരെ ബ്രിക്‌സ് രാജ്യങ്ങൾ ആശങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് ആഗോള വിപണിയുടെ തകർച്ച.
അമേരിക്ക-ഇന്ത്യ വ്യാപാര കരാറിനെ തുടർന്നുളള ആശങ്കകൾ വിപണിയെ ബാധിച്ചുവെന്ന് സാമ്പത്തിക വിദഗ്‌ധർ അറിയിച്ചു. സെൻസെക്‌സ് കമ്പനികളിൽ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, എറ്റേണൽ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ എന്നിവ നഷ്‌ടത്തിലാണെന്നും ട്രെൻഡ്‌സ്, ഏഷ്യൻ പെയിൻ്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ നേട്ടത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇതേസമയം അമേരിക്കൻ വിപണിയിൽ വ്യാപാര നേട്ടമുണ്ടായതായി റിപ്പോർട്ടുകൾ.
തീരുവയുടെ സമയപരിധി അവസാനിക്കുന്നതിന് മുൻപ് ഇന്ത്യയും അമേരിക്കയും ഇടക്കാല വ്യാപാര കരാറിൽ ഒപ്പുവയ്ക്കാൻ സാധ്യതയെന്ന് വിവിധ റിപ്പോർട്ടുകളുണ്ട്.
നിലവില്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയിൽ വില 0.63 ശതമാനം ഇടിഞ്ഞ് ബാരലിന് 67.87 ഡോളറിലെത്തി. വെള്ളിയാഴ്‌ച വിദേശ നിക്ഷേപകർ (എഫ്‌ഐഐ) 760.11 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വെള്ളിയാഴ്‌ച സെൻസെക്‌സ് 0.23 ശതമാനവും നിഫ്റ്റി 0.22 ശതമാനവും ഉയർന്നിരുന്നു. വ്യാപാര കരാറുമായി ബന്ധപ്പെട്ട് വിയറ്റ്നാം, യുകെ, ചൈന തുടങ്ങിയവയാണ് നിലവിൽ അമേരിക്കയുമായി സമവായത്തിലെത്തിയത്. ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവകളുടെ കാലയളവ് ജൂലൈ ഒൻപതായി നീട്ടിയെന്ന് അറിയിച്ചിരുന്നു. ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് 26 ശതമാനം അധിക തീരുവ ചുമത്തിയത് ഇതിനിടെ ചർച്ചയായിരുന്നു.