പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിജിറ്റല്‍ സത്യഗ്രഹവുമായി സിപിഎം

0

ന്യൂഡൽഹി:ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയ്ക്കെതിരെ ‘ഡിജിറ്റൽ സത്യാഗ്രഹത്തിന്’ ആഹ്വാനം ചെയ്‌ത് സിപിഎം ജനറൽ സെക്രട്ടറിയും മുൻ പാർലമെൻ്റ് അംഗവുമായ എംഎ ബേബി. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന ഡിജിറ്റൽ സത്യാഗ്രഹത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ശനിയാഴ്‌ച മുതൽ അടുത്ത ഒരാഴ്‌ചത്തേക്ക് രാത്രി 9 മണി മുതൽ 9.30 വരെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ ഇലക്‌ട്രിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്‌ത് ഡിജിറ്റൽ സത്യാഗ്രഹത്തിൽ പങ്കെടുക്കണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു.

സമാധാനത്തിൽ വിശ്വസിക്കുന്നവർ ലോകമെമ്പാടുമുളള പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഡിജിറ്റൽ സത്യാഗ്രഹമായതിനാൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുകയോ സന്ദേശങ്ങളോ കമൻ്റുകളോ രേഖപ്പെടുത്തുകയോ ചെയ്യരുതെന്നും സിപിഎം പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു. ഇസ്രയേൽ-പലസ്‌തീൻ സംഘര്‍ഷത്തിൽ നിന്ന് ലാഭം കൊയ്യുന്ന 48 ടെക് സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ പ്രഖ്യാപനം.

മൈക്രോസോഫ്റ്റ്, ഗൂഗിൾ (ആൽഫബെറ്റ് ഇൻ‌കോർപ്പറേറ്റഡ്), ആമസോൺ, ഐ ബി എം തുടങ്ങിയ വൻ കിട കമ്പനികൾ വംശഹത്യയിൽ നിന്ന് ലാഭമുണ്ടാക്കുന്ന പങ്കാളികളാണ്. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്‌ക അൽബനീസിൻ്റെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിൽ ഡിജിറ്റൽ സത്യാഗ്രഹം പ്രസക്തമാണെന്നും എംഎ ബേബി എക്‌സിൽ കുറിച്ചു.

ഡിജിറ്റല്‍ ആപ്ലിക്കേഷനിലൂടെ വൻകിട കോര്‍പ്പറേറ്റുകള്‍ ലാഭം കൊയ്യുകയാണെന്നും അരമണിക്കൂര്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധം രേഖപ്പെടുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഇസ്രയേലിൻ്റെ വംശഹത്യയ്ക്കും അവര്‍ക്ക് ധനസഹായം നല്‍കുന്ന മുതലാളിത്തത്തിനെതിരെയുമാണ് ഈ സമരം. ‘സൈലൻസ് ഫോർ ഗാസ’ എന്ന ആഗോള കാമ്പെയ്‌നിൽ ചേരുന്നതിലൂടെ പലസ്‌തീൻ ജനതയ്‌ക്കൊപ്പമാണ് സിപിഎം നിലകൊള്ളുന്നത്. ഇസ്രയേൽ അഴിച്ചുവിട്ട ക്രൂരവും വംശഹത്യപരവുമായ ആക്രമണത്തിനെതിരെയും യുദ്ധക്കുറ്റകൃത്യങ്ങൾക്കെതിരെയും ഒരു ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നതെന്നും സിപിഎം പ്രസ്‌താവനയില്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *