കളിസ്ഥലത്തെ ജിറാഫ് പ്രതിമയും ഗോവണിയും തകർന്നുവീണു ; അഞ്ച് വയസുകാരന് ദാരുണാന്ത്യം

0

ബറൂച്ച്: ഗൂജറാത്തിലെ ബറൂച്ചിൽ സ്കൂളിന് പിൻവശത്ത് വച്ചിരുന്ന പത്തടി ഉയരമുള്ള കളി ഗോവണി മറിഞ്ഞ് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ബറൂച്ചിലെ പിരാമൻ ഗ്രാമത്തിലെ ആങ്കലേശ്വറിലെ പിരാമൻ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത് . ആദിവാസി ബാലനായ ഹാർദ്ദിക് വാസവ ആണ് മരിച്ചത് . വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സ്കൂൾ കെട്ടിടത്തിന്റെ പിൻ വശത്തായി ആയിരുന്ന ഗോവണി വച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് നടത്തുന്ന സ്കൂളിലാണ് അപകടം.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വിട്ട സമയത്താണ് സംഭവമുണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. നഴ്സറി കുട്ടികൾക്കായി തയ്യാറാക്കിയ കളി സ്ഥലത്ത് വച്ചിരുന്ന വലിയ ജിറാഫ് പ്രതിമയ്ക്ക് സമീപത്തായിരുന്നു ഇരുമ്പ് കൊണ്ടുള്ള ഏണി വച്ചിരുന്നത്. ഏണി വച്ച് ജിറാഫ് പ്രതിമയിൽ കയറാനുള്ള ശ്രമത്തിനിടെ ഏണിയും പ്രതിമയും കുട്ടിയുടെ മേലേയ്ക്ക് വീഴുകയായിരുന്നു. വലിയ ശബ്ദം കേട്ട് സംഭവ സ്ഥലത്തേക്ക് എത്തിയ അധ്യാപകർ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ജയാബെൻ മോദി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അപകട മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പൊലീസ് അടക്കമുള്ള അധികൃതർ സംഭവ സ്ഥലം പരിശോധിച്ച് അധ്യാപകരുടെ മൊഴിയെടുത്തു. ജിറാഫ് പ്രതിമയ്ക്ക് തകരാറുണ്ടായിരുന്നതിനാൽ അതിന്മേൽ കയറരുതെന്ന് അധ്യാപകർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഉച്ച ഭക്ഷണ സമയമായതിനാൽ കുട്ടികൾ പ്രതിമ ഇരുന്ന ഭാഗത്തേക്ക് പോയത് അധ്യാപകരുടെ ശ്രദ്ധയിൽ വന്നില്ല. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ അനാസ്ഥയ്ക്ക് കേസ് ചുമത്തുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 1936ൽ നിർമ്മിതമായ സ്കൂൾ കെട്ടിടത്തിൽ വിവിധ കാലഘട്ടങ്ങളിലായി മൂന്ന് തവണയാണ് പുനരുദ്ധാരണ പ്രവർത്തികൾ നടന്നിട്ടുള്ളതെന്നാണ് അധ്യാപകർ വിശദമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *