ശ്രീരാജരാജേശ്വര ക്ഷേത്രത്തിൽ പരമശിവൻ്റെ വെങ്കല പ്രതിമ ഭക്തർക്കായി കേരള ഗവർണ്ണർ ഇന്ന് സമർപ്പിക്കും (VIDEO)

0

അനാവരണം ചെയ്യുന്നത് രാജ്യത്തെ ഏറ്റവും വലിയ വെങ്കല രൂപം

കണ്ണൂര്‍: രാജ്യത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ പൂർത്തീകരിക്കാനെടുത്ത് നാലുവർഷം ! അരയിൽ കൈകൊടുത്ത് വലതു കൈകൊണ്ട് അനുഗ്രഹം ചൊരിയുന്ന പരമശിവൻ്റെ വെങ്കല രൂപം ഇനി രാജരാജേശ്വര ക്ഷേത്രത്തിന്‍റെ തിരുമുറ്റത്ത് ഭക്തർക്ക് ദർശിക്കാം.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ മതിൽക്കെട്ടിന് പുറത്ത് കിഴക്കേ നടയിൽ ആൽമരച്ചുവട്ടിലാണ് വെങ്കലത്തിൽ തീർത്ത പരമശിവന്‍റെ പൂർണകായ കൂറ്റൻ ശില്പം സ്ഥാപിച്ചിട്ടുള്ളത്. കഴുത്തിൽ രുദ്രാക്ഷമാലയും പാമ്പും ജഡയിൽ ഗംഗയും ശരീരത്തിൽ ചേർത്തുവച്ച ശൂലവുമായി സൗമ്യഭാവത്തോടെ അനുഗ്രഹം ചൊരിയുന്ന ശില്‍പമാണ് ശില്‍പി ഉണ്ണി കാനായി ഒരുക്കിയിരിക്കുന്നത്.

നാലുവർഷമെടുത്താണ് ശില്‍പത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്. 14 അടി ഉയരമുള്ള വെങ്കല ശിവ ശില്‍പത്തിന് 4200 കിലോ ഭാരം ഉണ്ട്. തളിപ്പറമ്പിലെ പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ ആണ് ശില്‍പം ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. ആദ്യം കളിമണ്ണിൽ തീർത്ത ശില്‍പം പ്ലാസ്റ്റർ ഓഫ് പാരീസിൽ മോൾഡെടുത്ത് മെഴുകിൽ നിർമ്മിച്ച് വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു എന്ന് ഉണ്ണി കാനായി പറഞ്ഞു.പയ്യന്നൂർ കാനായിലെ പണിപ്പുരയിൽ നിർമിച്ച ശില്‍പം ക്രെയിൻ ഉപയോഗിച്ചാണ് ക്ഷേത്രത്തിൽ എത്തിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ പരിശ്രമത്തിന്‍റെ വിജയമായിരുന്നു പരമശിവന്‍റെ വെങ്കല പ്രതിമ നിർമാണം എന്ന് ഉണ്ണി കാനായി പറഞ്ഞു.

ഉത്തര കേരളത്തിലെ പ്രമുഖ ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. പരബ്രഹ്മ സ്വരൂപിയായ പരമ ശിവന്‍റെ പല പേരുകളിൽ ഒന്നായ രാജരാജേശ്വരന്‍റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പരമശിവനാണ് പ്രധാന പ്രതിഷ്ഠ. എന്നാൽ ശിവന്‍റേതായ പല വിശേഷങ്ങളും ഇവിടെയില്ല എന്നൊരു പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. കൂവളത്തില ഉപയോഗിക്കില്ല. ധാരയും രുദ്രാഭിഷേകവും പതിവില്ല. പ്രദോഷ വ്രതത്തിന് പ്രാധാന്യമില്ല. എന്നാലും പ്രതിഷ്ഠാ രൂപവും ഭാവവും എല്ലാം ശിവന്‍റേതാണ്.

തളിപ്പറമ്പ് തൃച്ചംബരം കാഞ്ഞിരങ്ങാട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ടി പി വിനോദ് കുമാറിന്‍റെ മേൽനോട്ടത്തിലാണ് ശിലാസ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ശില്‍പത്തിന് സമീപം മനോഹരമായ പൂന്തോട്ടവും അലങ്കാരങ്ങളും തയാറാക്കിയിട്ടുണ്ട്. ശിവപ്രതിമ ഇന്ന് വൈകുന്നേരം വൈകിട്ട് നാലുമണിക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ അനാവരണം ചെയ്യും.

ശില്പകലാജീവിതത്തിൽ ഇരുപതുവർഷം പൂർത്തിയാക്കിയ ഉണ്ണികാനായി നിർമ്മിച്ച ഏറ്റവും ഉയരംകൂടിയ ശില്പംകൂടിയാണിത്.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *