ദൈനംദിന കലോറി ഉപഭോഗത്തിൽ കേരളം ദേശീയ ശരാശരിയെക്കാള്‍ പിന്നിൽ

ന്യുഡൽഹി : ദൈനംദിന കലോറി ഉപഭോഗത്തിൽ കേരളം ഇതര സംസ്ഥാനങ്ങളേക്കാളും പിന്നിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ട്.
‘ഇന്ത്യയിലെ പോഷകാഹാര ഉപഭോഗം’ എന്ന പേരിൽ പുറത്തു വിട്ട പഠനത്തിലാണ് കലോറി, ഫാറ്റ് ഉപഭോഗത്തിൽ കേരളം മറ്റു പല സംസ്ഥാനങ്ങളേക്കാളും പുറകിലെന്ന് കണ്ടെത്തിയത്. 2022 ആഗസ്റ്റ് മുതൽ 2024 ജൂലൈ വരെയുള്ള HCES ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
കേരളത്തിൽ നഗര ഗ്രാമപ്രദേശങ്ങളിലായി 7400 വീടുകളിൽ സർവേ നടത്തിയത്. കലോറി കൂടാതെ രാജ്യത്തെ നഗര ഗ്രാമ പ്രദേശങ്ങളിലെ പ്രതിശീർഷ പ്രോട്ടീൻ, കൊഴുപ്പ് ഉപഭോഗത്തെ കുറിച്ചുള്ള വിവരങ്ങളും റിപ്പോർട്ടിൽ ലഭ്യമാണ്. ഗ്രാമീണ ഇന്ത്യയിൽ 2022-23 ൽ ശരാശരി പ്രതിശീർഷ കലോറി ഉപഭോഗം 2,233 കിലോ കലോറി ആയിരുന്നു.
2023-24 ൽ ഇത് 2,212 കിലോ കലോറിയായി കുറഞ്ഞു. ഇതേ കാലയളവിൽ നഗര പ്രദേശങ്ങളിൽ 2,250 കിലോ കലോറിയിൽ നിന്ന് 2,240 കിലോ കലോറിയായി നേരിയ കുറവ് റിപ്പോർട്ട് ചെയ്‌തു. പ്രതിശീർഷ ശരാശരി കലോറി ഉപഭോഗത്തിൽ കേരളം മറ്റ് പല സംസ്ഥാനങ്ങളെക്കാൾ പിന്നിലാണ്. ദൈനംദിന കൊഴുപ്പിൻ്റെ ശരാശരി ഉപഭോഗത്തിലും കേരളത്തിൻ്റെ അവസ്ഥ സമാനമാണ്.
2022-23 ലെ കണക്കുകള്‍ പ്രകാരം ഗ്രാമീണ കുടുംബങ്ങളിൽ 25.9% പേരുടെ ദൈനംദിന കലോറി ഉപഭോഗം 1860 കിലോയില്‍ താഴെയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും താഴ്ന്ന നിരക്കാണിത്. കൊഴുപ്പിൻ്റെ ഉപഭോഗത്തിലും കേരളം ദേശീയ ശരാശരിയേക്കാൾ പിന്നിലാണ്. എന്നാല്‍ പ്രോട്ടീൻ ഉപഭോഗത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളം മുന്നിലാണെന്നാണ് പഠനം പറയുന്നത്.
ശരാശരി പ്രതിശീർഷ കലോറി ഉപഭോഗത്തിൽ കേരളം മറ്റ് പ്രധാന ഇന്ത്യൻ സംസ്ഥാനങ്ങളെക്കാൾ പിന്നിലാണ്. 2022-23 ലെ കണക്കുകള്‍ പ്രകാരം കേരളത്തിൻ്റെ ശരാശരി ഉപഭോഗം ഗ്രാമപ്രദേശങ്ങളിൽ 2022 കിലോ കലോറിയും നഗരപ്രദേശങ്ങളിൽ 2010 കിലോ കലോറിയുമാണ്. ഇത് അഖിലേന്ത്യാ ശരാശരിയേക്കാൾ വളരെ താഴെയാണ്.
2022-23 ലെ ദേശീയ ശരാശരി ഗ്രാമപ്രദേശങ്ങളിൽ 2233 കിലോ കലോറിയും നഗരപ്രദേശങ്ങളിൽ 2250 കിലോ കലോറിയും ആണ്. പുതിയ കണക്കുകള്‍ പ്രകാരം ദേശീയ ശരാശരിയേക്കാൾ 200 കിലോ കലോറി പിന്നിലാണ് കേരളം. ഈ വിഭാഗത്തിൽ ബിഹാർ ഒരു പടി മുന്നിലാണ്. ബിഹാറിലെ പ്രതിശീർഷ ശരാശരി ഉപഭോഗം ഏകദേശം 400 കിലോ കലോറിയോളം കേരളത്തേക്കാള്‍ കൂടുതലാണ്.
2022-23 ൽ, ഒരു ഉപഭോക്തൃ യൂണിറ്റിന് പ്രതിദിനം കേരളത്തിൻ്റെ കലോറി ഉപഭോഗം ഗ്രാമപ്രദേശങ്ങളിൽ 2199 കിലോ കലോറിയും നഗരപ്രദേശങ്ങളിൽ 2278 കിലോ കലോറിയും ആയിരുന്നു. 2022-23 ലെ ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. ദേശീയ ശരാശരി ഗ്രാമപ്രദേശങ്ങളിൽ 2407 കിലോ കലോറിയും നഗരപ്രദേശങ്ങളിൽ 2488 കിലോ കലോറിയും ആണ്. 2023-24 ൽ കേരളം സമാനമായ ശരാശരി നിലനിർത്തി.