ലണ്ടനിൽ സ്‌ത്രീധന പീഡനത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം: ഡൽഹിയിൽ കുറ്റപത്രം സമർപ്പിച്ചു

0

ന്യൂഡൽഹി: ലണ്ടനിൽ  സ്‌ത്രീപീഡനത്തെ തുടർന്ന് ഇന്ത്യൻ വനിത കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മരിച്ച യുവതിയുടെ ഭർത്താവ്, ഭർത്താവിൻ്റെ സഹോദരി, മാതാപിതാക്കള്‍ മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവർക്കെതിരെയാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.  കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അതിക്രമം, സ്ത്രീധന പീഡനം, ക്രിമിനൽ വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഡൽഹി പൊലീസിന് പുറമെ ലണ്ടൻ പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. ഡൽഹിയിലെ പാലം വില്ലേജ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

2024 നവംബർ 14-ന് ലണ്ടനിൽ വച്ചാണ് യുവതി കൊല്ലപ്പെടുന്നത്.  പാർക്ക് ചെയ്‌തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, ഭർത്താവ് യുകെയിൽ നിന്ന് ഒളിവിൽ പോവുകയും ചെയ്‌തു. ഇയാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ മെയ് ഒന്നിന് മരിച്ച യുവതിയുടെ ഭർത്താവിനെ കുറ്റവാളിയായി പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഇതോടെയാണ് കേസിൽ ഇന്ത്യയിൽ അന്വേഷണം ആരംഭിച്ചത്.ജൂലൈ ഒന്നിന് ദ്വാരക കോടതിയിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. കുറ്റപത്രം സ്വീകരിച്ച കോടതി ജൂലൈ 19ന് കേസ് രേഖകളുടെ പരിശോധനയ്ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്. അതേസമയം പ്രഖ്യാപിത കുറ്റവാളിയാക്കിയ പൊലീസിൻ്റെ റിപ്പോർട്ടിനെതിരെയുള്ള ഭർത്താവിൻ്റെ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.

ഈ വിഷയം പരിഗണിക്കേണ്ടതുണ്ടെന്നും കേസ് അവധിക്കാല ബെഞ്ചിന് ബാധകമല്ലെന്നും ഉത്തരവ് സ്റ്റേ ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരൻ്റെ വാദത്തെ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ യുകെ ഇൻ്റർപോളിൽ നിന്നുള്ള റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് വളരെ രഹസ്യമാണെന്നും കോടതിയെ ബോധിപ്പിച്ചു.

2024 നവംബറിൽ ലണ്ടനിൽ നടന്ന ക്രൂരകൊലപാതകത്തിൽ സംഭവിച്ചത് എന്തൊക്കെയാണെന്നത് യുകെ ഇൻ്റർപോളിൽ നിന്നുള്ള റിപ്പോർട്ടിൽ വ്യക്തമാണെന്നും ലണ്ടനിൽ നിന്ന് യുവാവ് ഒളിവിൽ കഴിയാൻ ഇന്ത്യയിൽ എത്തിയതാണെന്നും എതിർഭാഗം വാദിച്ചു. യുകെയിൽ നിന്ന് ഒളിവിൽ പോയ ഇയാളെ ഗുരുഗ്രാമിൽ വച്ചാണ് പിന്നീട് കണ്ടെത്തുന്നത്.

കേസിൽ നിലവിൽ പ്രതിയുടെ മാതാപിതാക്കളിൽ ഒരാൾ ജാമ്യത്തിലാണ്. മറ്റൊരാൾ പൊലീസ് കസ്റ്റഡിയിലുമാണ്. മാർച്ച് 14ന് ഡൽഹി പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്‌തിരുന്നു.

1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 498 എ, 406, 34, 2025 ലെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 85, 316, 3(5) എന്നിവ പ്രകാരം മാർച്ച് മൂന്നിന് പാലം വില്ലേജ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. സ്ത്രീധന മരണവുമായി ബന്ധപ്പെട്ട ഒരു വകുപ്പ്കൂടി ചേർത്തിട്ടുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *