വെന്റിലേറ്റർ സഹായവും ഡയാലിസിസും തുടരുന്നു; വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്യുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വെന്റിലേറ്റർ സഹായത്തോടുകൂടിയാണ് ജീവൻ നിലനിർത്തുന്നതെന്നും ഡയാലിസിസ് തുടരുന്നു എന്നും മെഡിക്കൽ ബുള്ളറ്റിൻ.
ഹൃദയാഘാതത്തെ തുടർന്ന് പതിനൊന്ന് ദിവസം മുൻപാണ് വിഎസിനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും ആയിരുന്നു എം എ ബേബിയുടെ പ്രതികരണം.
അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.