80 -ാം ജന്മദിനത്തിൽ 10,000 അടി ഉയരത്തിൽ പറന്ന് ഇന്ത്യൻ വനിത

80 -ാം ജന്മദിനത്തിൽ 10,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി ലോക റെക്കോർഡ് തന്നെ നേടിയെടുത്തു കഴിഞ്ഞു ഇന്ത്യക്കാരിയായ ഡോ. ശ്രദ്ധ ചൗഹാൻ. ടാൻഡം സ്കൈഡൈവ് പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത എന്ന ബഹുമതിയാണ് വിരമിച്ച ബ്രിഗേഡിയർ സൗരഭ് സിംഗ് ശെഖാവത്തിന്റെ അമ്മയായ ഡോ. ശ്രദ്ധ ചൗഹാൻ തന്റെ 80 -ാം ജന്മദിനത്തിൽ നേടിയെടുത്തത്.
തലകറക്കം, നട്ടെല്ലിന് തേയ്മാനം എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തിയാണെങ്കിലും ഡോ. ശ്രദ്ധ ചൗഹാൻ തൻ്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഡൽഹിയിൽ താമസിക്കുന്ന ഇവർ അവിടെ നിന്നും രണ്ടുമണിക്കൂർ യാത്ര ചെയ്ത് ഹരിയാനയിലെ നാർനോൾ എയർസ്ട്രിപ്പിലെ സ്കൈഹൈ ഇന്ത്യയിൽ എത്തിയാണ് സ്കൈ ഡൈവിങ് നടത്തിയത്. രാജ്യത്തെ ഏക സർട്ടിഫൈഡ് സിവിലിയൻ ഡ്രോപ്പ് സോൺ ആണിത്.