ആക്രിക്കച്ചവടം ചെയ്ത് അച്ഛൻ പഠിപ്പിച്ചു : സിമ്രാൻ്റെ വാർഷിക വരുമാനം അമ്പതുലക്ഷം !

0

നാളെ ഹരിയാനയിലെ ബാൽസ്‌മണ്ടിൽ സിമ്രാനെ ആദരിക്കുകയാണ് മറ്റ് പെൺമക്കളും സിമ്രാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകണം. നമ്മൾ എപ്പോഴും നമ്മുടെ പെൺമക്കൾക്കൊപ്പം നിൽക്കുന്നു,” പറയുന്നത് സ്ഥലം എംഎൽഎ .
**** ******———————————————————————–
ഹരിയാനയിലെ ഒരു ഉള്‍ഗ്രാമത്തിലെ വീട്, അവിടെ നിന്ന് 21 കാരിയായ സിമ്രാന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്. ഒപ്പം അവളുടെ അമ്മയും അച്ഛനും നിറകണ്ണുകളോടെ തൊട്ടടുത്തുണ്ട്. ചുറ്റിലും നില്‍ക്കുന്ന അയല്‍വാസികളൊക്കെ എന്താണെന്നറിയാതെ മുഖത്തോട് മുഖം നോക്കിനില്‍ക്കുകയാണ്. തന്‍റെ കയ്യില്‍ കിട്ടിയ ഒരു വെളുത്ത കവര്‍ ഉയര്‍ത്തി പിടിച്ച് കണ്ണുകള്‍ തുടച്ചുകൊണ്ട് സിമ്രാന്‍ പറഞ്ഞു, എന്‍റെ സ്വപ്‌നത്തിലേക്ക് നടന്നെത്തി… ജോലി കിട്ടിയെന്ന്…

ഒരു ആക്രിക്കച്ചവടക്കാരന്‍റെ മകള്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടിയതിന്‍റെ സന്തോഷമായിരുന്നു അത്. അതും സ്വപ്‌നം കണ്ട ആ വലിയ കമ്പനിയില്‍ തന്നെ. സിമ്രാന്‍റെ ആ നേട്ടം ആ ഗ്രാമം മുഴുവന്‍ ഒരുമിച്ച് ആഘോഷിച്ചു.

അഞ്ചുമുതല്‍ 300 രൂപ വരെ ദിവസ വരുമാനമുള്ള ഒരു പാത്രക്കച്ചവടക്കാരന്‍റെ മകള്‍ക്ക് അത്രയും വലിയ കമ്പനിയില്‍ ജോലി ലഭിച്ചുവെന്നതായിരുന്നു ആ കുടുംബത്തിന്‍റെ വലിയ സന്തോഷം. ഇത് സിമ്രാന്‍റെ കഠിനാധ്വാനത്തിന്‍റെയും പ്രയത്‌നത്തിന്‍റെയും സ്വപ്‌നത്തിന്‍റെയും കഥയാണ്.

ഹൈദരാബാദിലെ മൈക്രോസോഫ്റ്റിൽ 55 ലക്ഷം രൂപയുടെ വാർഷിക ശമ്പളമുള്ള ജോലിയാണ് സിമ്രാന്‍ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തത്. തെരുവു കച്ചവടത്തില്‍ നിന്നും ഇത്രയും ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടിയ സിമ്രാന്‍റെ യാത്ര വളരെ ബുദ്ധിമുട്ടിയേറിയതായിരുന്നു.രണ്ട് മുറികളുളള ഒരു വീട്ടിലാണ് സിമ്രാനും രണ്ടു സഹോദരിമാരും അച്ഛനും അമ്മയും താമസിച്ചിരുന്നത്. വീടുതോറും പോയി ആളുകളെ വിളിച്ചും, പറഞ്ഞും പുതിയ പാത്രങ്ങള്‍ വിറ്റും പഴയത് വാങ്ങിയുമാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. ഒരു ദിവസം ചിലപ്പോള്‍ അഞ്ചു മുതല്‍ 300 രൂപവരെയായിരുന്നു വരുമാനം. തന്‍റെ മൂന്നു മക്കളെയും വളര്‍ത്താന്‍ ആ പാത്രക്കച്ചവടക്കാരനായ രാജേഷ് കുമാര്‍ നന്നേ പാടുവെട്ടിരുന്നു. സിമ്രാനും, സഹോദങ്ങളായ മംമ്തയും ഹര്‍ഷിതും മുസ്‌കാനുമൊക്കെ വളരെ കഷ്‌ടപ്പെട്ടാണ് പഠിക്കുന്നത്.

ഇവരുടെ അമ്മ കവിത 12 ാം ക്ലാസ് വരെ മാത്രമേ പഠിച്ചിരുന്നുള്ളു. എന്നാല്‍ മികച്ച വിദ്യാഭ്യാസം മക്കള്‍ക്ക് നല്‍കണമെന്ന് അവര്‍ ആഗ്രഹിച്ചു. മകളെ ഏഴാം ക്ലാസ് വരെ മാത്രമേ ഗ്രാമത്തില്‍ പഠിപ്പിച്ചിരുന്നുള്ളു. നന്നായി പഠിക്കുമായിരുന്ന സിമ്രാനെ അതിന് ശേഷം മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഹിസാറിലേക്ക് അയച്ചു. 2021 ല്‍ അവള്‍ ജെ ഇ ഇ പാസായി. അവളുടെ വിജയത്തില്‍ സന്തുഷ്‌ടരാണെന്ന് അമ്മ പറഞ്ഞു. അവളുടെ സഹോദരങ്ങള്‍ക്കും പ്രദേശത്തെ മറ്റു കുട്ടികള്‍ക്കും ഇത് ഒരു പ്രചോദനമാണെന്നും കവിത പറഞ്ഞു.

ഹിസാറിലെ ബാൽസ്‌മണ്ട് ഗ്രാമത്തിൽ താമസിക്കുന്ന സിമ്രാൻ ആദ്യ ശ്രമത്തിൽ തന്നെ ജെഇഇ പാസായി. മണ്ഡിയിലെ ഐഐടിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പ്രവേശനം നേടി. പക്ഷേ സിമ്രാന് ഏറെ താത്പര്യം ഐടി മേഖലയിലായിരുന്നു. മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുക എന്നതായിരുന്നു അവളുടെ സ്വപ്‌നം. അതുകൊണ്ട് തന്നെ അവൾ കമ്പ്യൂട്ടർ സയൻസ് അധിക വിഷയമായി പഠിക്കുകയും ചെയ്‌തു.

ക്യാമ്പസ് പ്ലേസ്‌മെന്‍റില്‍ ഹൈദരാബാദിലെ മൈക്രോസോഫ്റ്റിൽ ഇന്റേൺഷിപ്പിനായി സിമ്രാൻ തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് മാസത്തെ ഇന്റേൺഷിപ്പിന് ശേഷം 300 പേരില്‍ ഏറ്റവും മികച്ച ഇന്‍റേണ്‍ അവാർഡ് സിമ്രാൻ നേടി. സിമ്രാനെ കാണാൻ ആദ്യമായി യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയ മൈക്രോസോഫ്റ്റിന്‍റെ വിദേശ മേധാവിയിൽ നിന്നാണ് അവർക്ക് ഈ അവാർഡ് ലഭിച്ചത്. ഇതിനുശേഷം ജോലിക്കായി തെരെഞ്ഞെടുക്കുന്നവരുടെ അന്തിമ പട്ടികയില്‍ അവളുടെ പേരും ചേര്‍ക്കപ്പെട്ടിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *