അമർനാഥ് തീര്‍ഥാടന യാത്രയ്ക്ക് തുടക്കമായി

0

ശ്രീനഗർ:സമുദ്ര നിരപ്പില്‍ നിന്നും 3,880 മീറ്റർ ഉയരത്തിലുള്ള അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന യാത്ര ആരംഭിച്ചു. ആദ്യ സംഘത്തിൻ്റെ യാത്ര ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഫ്ലാഗ് ഓഫ് ചെയ്‌തു. പഹൽഗാമിലെ നുൻവാനിലെയും സോൻമാർഗിലെ ബാൽതാലിലെയും ബേസ് ക്യാമ്പുകളിൽ നിന്നുള്ള സംഘത്തിൻ്റെയും യാത്ര ആരംഭിച്ചിട്ടുണ്ട്.ദക്ഷിണ കശ്‌മീരിൽ അനന്ത്‌നാഗ് ജില്ലാ വികസന കമ്മിഷണർ സയ്യിദ് ഫഖർ-ഉദ്-ദിൻ ഹമീദും സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പഹൽഗാമിലെ നുൻവാൻ ബേസ് ക്യാമ്പിൽ നിന്നുള്ള തീർഥാടകരുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ 5,485 തീർഥാടകരുടെ ബാച്ചാണ് ശിവൻ്റെ പുണ്യ ഗുഹാക്ഷേത്രത്തിലേക്കുള്ള ആദ്യ യാത്ര ആരംഭിച്ചത്. അമർനാഥ് ക്ഷേത്രത്തിലേക്കുള്ള 38 ദിവസം നീണ്ടുനിൽക്കുന്ന തീർഥാടനമാണ് ആരംഭിച്ചത്. ശക്തമായ മൾട്ടി-ടയർ സുരക്ഷാ ക്രമീകരണത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.

സുരക്ഷാ സേനയെ വിന്യസിച്ച് കൊണ്ട് മുഴുവൻ റൂട്ടിലും തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ബേസ് ക്യാമ്പുകളിലേക്കുള്ള യാത്രയിൽ വിവിധ പ്രദേശങ്ങളിലെ മുസ്‌ലിം നിവാസികൾ തീർഥാടകർക്ക് ഊഷ്‌മളമായ സ്വീകരണം നൽകി.അതേസമയം ജമ്മുവിൽ നിന്നുള്ള രണ്ടാം ബാച്ച് യാത്ര തിരിച്ചിട്ടുണ്ട്. 5,200ലധികം തീർഥാടകരുടെ രണ്ടാമത്തെ ബാച്ചാണ് ജമ്മുവിലെ ബേസ് ക്യാമ്പിൽ നിന്ന് ഗുഹാക്ഷേത്രത്തിലേക്ക് തിരിച്ചത്. പൊലീസിൻ്റെയും കേന്ദ്ര അർധസൈനിക വിഭാഗങ്ങളുടെയും ഉള്‍പ്പെടെ 168 വാഹനങ്ങളുടെ അകമ്പടിയോടെ ഗവതി നഗർ ബേസ് ക്യാമ്പിൽ നിന്നാണ് സംഘം യാത്ര ആരംഭിച്ചത്.ഇതോടെ ജമ്മു ബേസ് ക്യാമ്പിൽ നിന്ന് പുറപ്പെട്ട തീർഥാടകരുടെ എണ്ണം 10,000 കവിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാമത്തെ തീർഥാടക സംഘത്തിൽ 4,074 പുരുഷന്മാരും 786 സ്ത്രീകളും 19 കുട്ടികളും ഉൾപ്പെടുന്നു. പഹൽഗാം ആക്രമണത്തിന് ശേഷം ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.അതേസമയം ഭഗവതി നഗർ ബേസ് ക്യാമ്പിലും പരിസരത്തും ബഹുതല സുരക്ഷാ സജ്ജീകരണം സജീവമാക്കിയിട്ടുണ്ട്. ജമ്മുവിലുടനീളം 34 താമസ കേന്ദ്രങ്ങൾ സജീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് റേഡിയോ ഫ്രീക്വൻസി ഐഡൻ്റിറ്റി ഫിക്കേഷൻ (RFID) ടാഗുകൾ വിതരണം ചെയ്യുന്നുണ്ട്.

യാത്ര നടത്താൻ ഉദ്ദേശിക്കുന്ന തീർഥാടകരുടെ ഓൺ-ദി-സ്പോട്ട് രജിസ്ട്രേഷനായി പന്ത്രണ്ട് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതുവരെ 3.5 ലക്ഷത്തിലധികം ആളുകൾ തീർഥാടനത്തിനായി ഓൺലൈനായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. രക്ഷാബന്ധനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 9ന് യാത്ര അവസാനിക്കും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *