‘നഖപ്പാട് കണ്ടില്ല, കണ്ടത് ലൗ ബൈറ്റ്’, വിവാദ പരാമർശവുമായി അഭിഭാഷകൻ

കൊല്‍ക്കത്ത: നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ വിവാദ പരാമര്‍ശവുമായി പ്രതിഭാഗം വക്കീല്‍. നടന്നത് ബലാത്സംഗമാണോ എന്ന് താന്‍ സംശയിക്കുന്നതായും പ്രധാന പ്രതി മനോജിത്ത് മിശ്രയുടെ ശരീരത്തില്‍ ലൗ ബൈറ്റിന്‍റെ പാടുകൾ കണ്ടെന്നുമാണ് അഭിഭാഷകനായ രാജു ഗാംഗുലിയുടെ ആരോപണം.
‘ഞാന്‍ മനോജിത്ത് മിശ്രയോട് ചോദിച്ചു നിനക്കെതിരെ വലിയ ആരോപണമാണല്ലോ ഉയരുന്നത് എന്ന്. അപ്പോൾ അവന്‍ എന്നോട് പറഞ്ഞത് തന്നെ എല്ലാവരും വില്ലനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു എന്നാണ്. വൈദ്യപരിശോധനയില്‍ ശരീരത്തില്‍ നഖത്തിന്‍റെ പാടുകൾ കണ്ടെത്തിയതിനെ പറ്റി ചേദിച്ചപ്പോൾ അവന്‍ ഡ്രസ്സ് മാറ്റി കഴുത്തിലെ പാടുകൾ കാട്ടിത്തന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോൾ ‘ലൗ ബൈറ്റ്സ്’ എന്നാണ് അവൻ മറുപടി പറഞ്ഞത്. എനിക്ക് അവന്‍റെ ശരീരത്തില്‍ നഖപ്പാടുകൾ കാണാന്‍ സാധിച്ചില്ല. കഴുത്തിലുള്ള പാട് മാത്രമാണ് ഞാന്‍ കണ്ടത്. ഇതൊരു ബലാത്സംഗ കേസാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒരു നിഗമനത്തിലെത്തിയിട്ടില്ല. ബലാത്സംഗ കേസാണോ അല്ലയോ എന്ന് ജൂലൈ 20 ന് അറിയാം’ എന്നാണ് പ്രതിഭാഗം വക്കീല്‍ പ്രതികരിച്ചത്.
കേസില്‍ അന്വേഷണം നടത്തുന്നത് ഒമ്പത് അംഗ പ്രത്യക അന്വേഷണ സംഘമാണ്. എസിപി പ്രദീപ് കുമാർ ഗോസലിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മറ്റ് രണ്ടുപേര്‍ നിലവിലെ വിദ്യാര്‍ത്ഥികളുമാണ് മറ്റൊരാള്‍ കൊളേജിലെ സെക്യൂരിറ്റി ജീവനക്കാരനും. കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.