അച്യുതാനന്ദൻറെ അച്ചടക്ക നടപടികൾ

പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ് വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി. പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല.
ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. അടുത്ത കാലത്ത് തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ “ചില തന്തയില്ലാത്തവർ അങ്ങനെയും പറയും”എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നു.പാർട്ടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നാണ് വി.എസിന്റെ നിലപാട്.