രാജ്യസഭയില്‍ അംഗബലം വര്‍ദ്ധിപ്പിച്ച് ബിജെപി
ന്യൂഡല്‍ഹി: രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക് അടുത്ത് എൻഡിഎ. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ ബിജെപി ജയിച്ചു. നാലു സീറ്റുകള്‍ മാത്രമാണ് ഭൂരിപക്ഷം ഉറപ്പിക്കാൻ ഇനി ആവശ്യം. 240 അംഗ രാജ്യസഭയില്‍ 121 ആണ് ഭൂരിപക്ഷത്തിനായി വേണ്ടത്. ഏപ്രിലില്‍ ഒഴിവുവരുന്ന 56 സീറ്റുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിലാണ് 30 സീറ്റുകളില്‍ ബിജെപിയുടെ ജയം. ഇതില്‍ 20 സീറ്റുകളില്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് സീറ്റുകളില്‍ തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി പ്രതിനിധികളെ രാജ്യസഭയിലേയ്ക്ക് അയച്ചത്. ഇതോടെ രാജ്യസഭയില്‍ എന്‍ഡിഎ സഖ്യത്തിന്‍റെ അംഗബലം 117 ആയി.
എന്‍ഡിഎയുടെ 117 എംപിമാരില്‍ 97 പേരും ബിജെപിയില്‍നിന്നുള്ളവരാണ്. രാജ്യസഭയില്‍ ഏറ്റവും അംഗബലമുള്ള പാര്‍ട്ടിയാണ് ബിജെപി. 97 അംഗങ്ങളില്‍ അഞ്ചു പേര്‍ നാമനിര്‍ദേശത്തിലൂടെ എത്തിയവരാണ്. രാജ്യസഭയില്‍ 29
എംപിമാരാണ് കോണ്‍ഗ്രസിനുള്ളത്.
മൂന്നു സംസ്ഥാനങ്ങളിലായി 15 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ക്രോസ് വോട്ടിങ്ങിലൂടെ പത്ത് സീറ്റുകള്‍ ബിജെപി നേടി. മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസും രണ്ടു സീറ്റ് സമാജ്‌വാദി പാര്‍ട്ടിയും നേടി. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ രണ്ടു സീറ്റ് ഇത്തവണ ബിജെപിക്ക് കൂടുതലായി നേടാനായി. ഉത്തര്‍പ്രദേശില്‍ നിന്നും ഹിമാചല്‍പ്രദേശില്‍ നിന്നും ഓരോ സീറ്റ് വീതമാണ് അധികമായി നേടാന്‍ കഴിഞ്ഞത്.