15 കാരി 8 മാസം ഗർഭിണി : 2 വർഷമായി പീഡിപ്പിച്ചത് 14 പേർ

ഹൈദരബാദ്: വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ എത്തിയ 15കാരി എട്ട് മാസം ഗർഭിണി. പരിശോധനയിൽ പുറത്ത് വന്നത് 14 പേരുടെ രണ്ട് വർഷം നീണ്ട പീഡനപരമ്പര. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ദളിത് വിഭാഗത്തിലുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് 14 പേർ രണ്ട് വർഷത്തോളം പീഡിപ്പിച്ചത്.
പ്രസവം കഴിയുന്നത് വരെ 15കാരിയെ ആശുപത്രിയിൽ സംരക്ഷിക്കാനാണ് നിലവിൽ അധികൃതർ തീരുമാനം . കൗൺസിലിംഗ് അടക്കമുള്ള സഹായങ്ങളും 15കാരിക്ക് ലഭ്യമാക്കി. 15കാരിയുടെ സഹപാഠികളിലൊരാളും കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്ന് ഒരുമിച്ച് എടുത്ത ഫോട്ടോ കാണിച്ചായിരുന്നു സഹപാഠി പീഡനം ആരംഭിച്ചത്. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് 14 പേർ 15കാരിയെ പീഡിപ്പിക്കുകയായിരുന്നു. 18നും 51നും ഇടയിൽ പ്രായമുള്ളവരെയാണ് ശ്രീ സത്യസായി ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.