ഒരു സീറ്റിൽ പിന്നീട് തീരുമാനം, 15 സീറ്റുകളില്‍ സിറ്റിങ് എംപിമാർ: കോണ്‍ഗ്രസ് പട്ടികയായി
തിരുവനന്തപുരം : സംസ്ഥാനത്തെ 15 സീറ്റുകളില്‍ സിറ്റിങ് എംപിമാരെ മാത്രം ഉള്‍പ്പെടുത്തി, കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ പട്ടിക. ആലപ്പുഴ സീറ്റില്‍ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മല്‍സരിക്കട്ടെയെന്നാണ് തീരുമാനം. പരാതികളും ജയസാധ്യതകളും പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാവും അന്തിമ തീരുമാനം എടുക്കുക.
ആലപ്പുഴ ഒഴിച്ചിട്ട്, രാഹുല്‍ ഗാന്ധിയെയും കെ സുധാകരനെയും ഉള്‍ക്കൊണ്ട് 15 സിറ്റിങ് സീറ്റിലും മറുപേരുകളില്ലാതെ സ്ക്രീനിങ് കമ്മിറ്റി. ഹൈക്കമാന്‍റ് നിര്‍ദേശങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനം എടുക്കുമ്പോള്‍ വേണമെങ്കില്‍ മാറ്റങ്ങളും വന്നേക്കാം. കെസി വേണുഗോപാല്‍ മത്സരിക്കുകയാണെങ്കില്‍ ആലപ്പുഴയില്‍ മറ്റ് പേരുകള്‍ ചര്‍ച്ചയ്ക്കില്ല. അല്ലെങ്കില്‍ സാമൂദായിക സന്തുലനം ഉള്‍പ്പടെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടും. വീണ്ടും മത്സരിക്കുന്നതില്‍ നേരത്തെ വിമുഖതയുണ്ടായിരുന്ന കെ സുധാകരന്‍ സ്ക്രീനിങ് കമ്മിറ്റിക്ക് മുമ്പാകെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു. സിപിഐ സ്ഥാനാര്‍ഥിക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ ഇടതുപക്ഷ നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കാര്യമാക്കുന്നില്ല കോണ്‍ഗ്രസ്. രാഹുല്‍ തന്നെ വേണമെന്ന് ഹരീഷ് ചൗദരി അധ്യക്ഷനായ സമിതിക്ക് മുമ്പില്‍ ആവശ്യം ഉയര്‍ന്നു.