അഹമ്മദാബാദ് വിമാനാപകടം : രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആകാശ ദുരന്തം
 
                ദില്ലി: അഹമ്മദാബാദിലെ വിമാന അപകടം ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ രണ്ടാമത്തെ വലിയ ആകാശ ദുരന്തമാണെന്ന് റിപ്പോർട്ട്. 1996ൽ ഛർഖി ദാദ്രിയിലുണ്ടായ വിമാന അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനഅപകടം. 349 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. 1996 നവംബർ 12നായിരുന്നു ലോകത്തെയും രാജ്യത്തെയും നടുക്കിയ ആ വലിയ ദുരന്തമുണ്ടായത്.
ദില്ലിയിൽ നിന്ന് സൗദി അറേബ്യയിലെ ദഹ്റാനിലേക്ക് പോകുകയായിരുന്ന സൗദി വിമാനം 763 ബോയിംഗ് 747ഉം കസാക്കിസ്ഥാനിലെ ചിംകെന്റിൽ നിന്ന് ദില്ലിയിലേക്ക് വരുകയായിരുന്ന കസാക്കിസ്ഥാൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 1907 ഇല്യുഷിൻ ഇൽ-76 വിമാനവും ദില്ലിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ പടിഞ്ഞാറ് ഛർഖി ദാദ്രി നഗരത്തിന് മുകളിൽ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വിമാനങ്ങളിലുമായി യാത്ര ചെയ്ത 349 പേരും തൽക്ഷണം കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും മാരകമായ മിഡ്-എയർ കൂട്ടിയിടിയാണ് അന്ന് നടന്നത്.
2025 ജൂൺ 12ന് ഉച്ചക്കാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടലിനേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ എഐ 171 ബോയിങ് 787 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്ന് വീണത്. 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് അപകടം അതിജീവിച്ചത്. വിമാനം ജനവാസ മേഖലയിൽ തകർന്ന് വീണതിനാൽ 24 പ്രദേശവാസികളും മരിച്ചു. 2010 മെയ് 22ന് മംഗലാപുരത്തുണ്ടായ അപകടത്തിൽ 158 യാത്രക്കാർക്കാരുടെ ജീവൻ പൊലിഞ്ഞിരുന്നു

 
                         
                                             
                                             
                                             
                                        