ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ കാലനെ ഗ്രൗണ്ടിലിറക്കി പ്രതിഷേധം
തൃശൂർ: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ ‘കാലനെ’ ഇറക്കി പ്രതിഷേധം. തൃശൂരിലെ ഡ്രൈവിംഗ് സ്കൂൾ ഉടമകളാണ് പ്രതിഷേധം സംഘിപ്പിച്ചത്. ഡ്രൈവിംഗ് പരിശീലന ഗ്രൌണ്ടിലെത്തിയ കാലൻ, ഇരുചക്ര വാഹനത്തിൽ എട്ട് എടുത്തു. എം80 സ്കൂട്ടർ കയറിൽ കെട്ടിവലിച്ചു. ശേഷം കാലൻ 15 വർഷം പഴക്കമുള്ള കാറിന് മുകളിൽ കയറിയിരുന്നു. കാലനെയും കാറിനെയും ഡ്രൈവിംഗ് സ്കൂൾ ഉടമകൾ കയർ കൊണ്ട് കെട്ടി വലിച്ചുകൊണ്ടുപോയി. ഒപ്പം കാറിലൊരു റീത്തും വെച്ചു.
പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍ പറയുന്നു. ഡ്രൈവിങ് പഠിക്കാൻ എത്തിയവരും പ്രതിഷേധത്തിനൊപ്പം ചേർന്നു. കാലനായത് പെപ്പിൻ ഡ്രൈവിംഗ് സ്കൂൾ ഉടമ പെപ്പിൻ ജോർജാണ്. ലേണേഴ്സ് ഡ്രൈവിംഗ് സ്കൂൾ ഓണർ ഷിജു മാട്ടിൽ, സാരഥി ഡ്രൈവിംഗ് സ്കൂൾ ഓണർ വിഷ്ണു നാരായണൻ, ആദിത്യ ഡ്രൈവിംഗ് സ്കൂൾ ഓണർ മനോജ് ഗൗരി, ശങ്കര ഡ്രൈവിംഗ് സ്കൂൾ ഓണർ അനിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.