ലോകസുന്ദരിപ്പട്ടം തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാതയ്ക്ക്

0
NEW MISS WORLD

ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടം ചൂടി തായ്‌ലന്‍ഡിന്റെ ഒപാല്‍ സുചാതത. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന 72-ാമത് മിസ് വേള്‍ഡ് കിരീട മത്സരത്തില്‍ എത്യോപ്യയുടെ എലീസെ റാന്‍ഡ്മാ, മാര്‍ട്ടിന്‍ക്യുവിന്റെ ഒറോലി ജോഷിം, പോളണ്ടിന്റെ മാജ ക്ലാജ്ഡ എന്നിവരെ പിന്തള്ളിയാണ് ഒപാല്‍ സുചാത ഒന്നാമതെത്തിയത്. ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയ നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടില്‍ ഇടംപിടിക്കാനായില്ല. നിലവിലെ മിസ് വേള്‍ഡ് ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോല ഒപാല്‍ സുഷാതയെ കീരീടമണിയിച്ചു.

മേയ് ഏഴിന് ആരംഭിച്ച മിസ് വേള്‍ഡ് മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 108 പേരായിരുന്നു ഉണ്ടായിരുന്നത്. അമേരിക്ക-കരീബിയന്‍, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ,-ഓഷ്യാനിയ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. ആദ്യഘട്ട എലിമിനേഷന് ശേഷം ഇരുപത് പേര്‍ (ഓരോ വിഭാഗത്തില്‍ നിന്നും അഞ്ച് പേര്‍ വീതം) അടുത്ത ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ നിന്ന് എട്ട് പേര്‍ അടുത്ത ഘട്ടത്തിലെത്തി. അവസാനഘട്ടത്തില്‍ ഓരോവിഭാഗത്തില്‍ നിന്നും ഒരാള്‍ മാത്രം തിരഞ്ഞെടുക്കപ്പെട്ടു. അവസാന നാലില്‍ നിന്നാണ് ഒപാല്‍ സുഷാത ലോകസുന്ദരിപ്പട്ടം ചൂടിയത്.

മിസ് വേള്‍ഡ് മത്സരവുമായി ബന്ധപ്പെട്ട് ഒരു മാസം നീണ്ട പരിപാടികളായിരുന്നു തെലങ്കാനയില്‍ സംഘടിപ്പിച്ചത്. ഇത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തെലങ്കാനയിലെ പ്രസിദ്ധമായ രാമപ്പക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെ സ്ത്രീകള്‍ മിസ് വേള്‍ഡ് മത്സരാര്‍ത്ഥികളുടെ കാലുകള്‍ കഴുകുന്ന വീഡിയോ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പുറമേ സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് മിസ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറിയതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പരിപാടിയുടെ ഭാഗമായ സമ്പന്നരായ പുരുഷന്മാരോട് ഇടപഴകാന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചെന്നും വിനോദ പരിപാടികളിലും മറ്റും വിശ്രമിക്കാന്‍ അനുവദിക്കാതെ പങ്കെടുപ്പിച്ചെന്നും ആരോപിച്ചായിരുന്നു പിന്മാറ്റം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *