നവകേരളീയം കുടിശിക നിവാരണം: 2024 മാര്‍ച്ച് 31 വരെ

0

 

തിരുവനന്തപുരം: നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാമ്പെയിന്‍ 2024 മാര്‍ച്ച് 31 വരെ തുടരുമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് കുടിശികയായവര്‍ക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി നീട്ടണമെന്ന സഹകാരികളുടെയും ബാങ്കുകളുടെയും ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് ഈ മാസം കുടി സാധിക്കും. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക അടച്ചുതീര്‍ക്കാനാകും.

മാരകരോഗം ബാധിച്ചവര്‍, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളര്‍ന്ന് കിടപ്പായവര്‍, ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍, ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരണപ്പെട്ടശേഷം മാതാപിതാക്കള്‍ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വായ്പകള്‍ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും . അതിദരിദ്ര സര്‍വ്വേ പ്രകാരമുള്ള പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ 2 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഇളവ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കും ഇളവ് ലഭിക്കുന്നതിന് അവസരമുണ്ട്. ഓഡിറ്റില്‍ 100% കരുതല്‍ വയ്‌ക്കേണ്ടി വന്നിട്ടുള്ള വായ്പകള്‍ പദ്ധതിപ്രകാരം തീര്‍പ്പാക്കുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും.
സ്വര്‍ണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകള്‍ക്കും ഈ പദ്ധതിയില്‍ ആനുകൂല്ല്യം ലഭിക്കും. പദ്ധതി അനുസരിച്ച് വായ്പ തീര്‍പ്പാക്കിയശേഷം നടപടിക്രമങ്ങള്‍ പാലിച്ച് അവര്‍ക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ നിരവധിയായ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസം പകരാന്‍ സര്‍ക്കാരിനായിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ പലിശ ഇളവ് ഈ പദ്ധതിയിലൂടെ ജങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു ബാങ്കിങ്ങ് മേഖലയിലും സമാനമായ ഒരു സഹായ പദ്ധതി കര്‍ഷകര്‍ക്കും സാധാരക്കാര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടില്ലന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *