കടമെടുപ്പ് പരിധി: വീണ്ടും ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രം

0

ന്യൂഡൽഹി: കടമെടുപ്പ് പരിധിയിൽ കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം. സംസ്ഥാനവുമായി ചർച്ചയ്ക്ക് വീണ്ടും തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു. ഇന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖരെയുമായി കെ.വി തോമസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കെവി തോമസ് ഇക്കാര്യം അറിയിച്ചത്. സിൽവർ ലൈൻ ഡി പിആറിൽ കേന്ദ്ര പ്രതികരണം അറിയിക്കാമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ.വി തോമസ് കൂട്ടിച്ചേർത്തു.

നേരത്തെ, കടമെടുപ്പ് പരിധിയിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചർച്ചയിൽ പങ്കെടുത്തതിൽ നിന്നും വ്യക്തമായത്. കേരളം സുപ്രീംകോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയെന്നും കേസ് സുപ്രീം കോടതിയിൽ നിൽക്കുകയാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ചർച്ച എവിടെയുമെത്താതെ നിൽക്കുമ്പോഴാണ് വീണ്ടുമൊരു ചർച്ചക്ക് വഴിയൊരുങ്ങുന്നത്.

ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ദില്ലിയിൽ ചർച്ച നടത്തിയത്. ചർച്ചയിൽ ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുത്തിരുന്നില്ല. ധനകാര്യ സെക്രട്ടറി, സോളിസിറ്റർ ജനറൽ ഉൾപ്പെടെ ചർച്ചയിൽ കേന്ദ്രത്തിനായി പങ്കെടുത്തിരുന്നു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് വിഷയത്തിൽ ഇരു വിഭാഗവും ചർച്ച നടത്തിയത്. ചര്‍ച്ചയുടെ പുരോഗതി കേന്ദ്രവും കേരളവും സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *