മറിയക്കുട്ടി ബിജെപിയിൽ

തൊടുപുഴ: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി സമരം നടത്തി ശ്രദ്ധ നേടിയ അടിമാലി ഇരുന്നേക്കർ പൊന്നുരുത്തുംപാറയിൽ മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. തൊടുപുഴയിൽ നടന്ന ബിജെപി ഇടുക്കി നോർത്ത് ജില്ലാ വികസിത കേരളം കൺവെൻഷനിൽ വച്ച് അവർ അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് അവർക്ക് അംഗത്വം നൽകിയത്. രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. 88കാരിയായ മറിയക്കുട്ടിയുടെ സംസ്ഥാന സർക്കാരിനെതിരായ പരാമർശങ്ങൾ വാർത്താ പ്രധാന്യം നേടിയിരുന്നു. സർക്കാരിനെതിരെ അവർ ഭിക്ഷാപാത്രവുമായി സമരത്തിനിറങ്ങിയും ശ്രദ്ധേയായി. കോൺഗ്രസ് സമര വേദികളിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു.
പിന്നീട് കെപിസിസി അവർക്ക് വീടും നിർമിച്ചു നൽകി. കഴിഞ്ഞ ജൂലൈ മാസത്തിൽ അന്നത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരിട്ടെത്തിയാണ് മറിയക്കുട്ടിക്ക് വീടിന്റെ താക്കോൽ കൈമാറിയത്. ഭിക്ഷാപാത്രവുമായി സമരം ചെയ്ത ശേഷം മറിയക്കുട്ടിയെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദർശിച്ചിരുന്നു. സർക്കാർ നൽകാത്ത പെൻഷൻ മറിയക്കുട്ടിക്കു നൽകുമെന്നു അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരായ പ്രചാരണത്തിനും മറിയക്കുട്ടി ഇറങ്ങിയിരുന്നു.