ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

ദില്ലി: അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ഭേദഗതികൾ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ – അമേരിക്ക വാണിജ്യ കരാറിലും ഇത് ഭാഗമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.ഇന്ത്യയിൽ ഏറ്റവും കർശന നിയന്ത്രണമുള്ള മേഖലകളിൽ ഒന്നാണ് ആണവോർജ മേഖല. കേന്ദ്രസർക്കാർ ഈ രംഗത്ത് വൻ മാറ്റങ്ങൾക്കാണ് നീക്കം തുടങ്ങുന്നത്. ആണവോർജ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ രണ്ട് നിർണായക ഭേദഗതികൾ വരുത്താനാണ് കേന്ദ്ര സർക്കാർ ചർച്ച തുടങ്ങിയിരിക്കുന്നത്. 2010ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് നിയമത്തിലായിരിക്കും ആദ്യത്തെ ഭേദഗതി. ആണവനിലയങ്ങളിൽ അപകടം ഉണ്ടായിൽ നഷ്ടപരിഹാരം നല്കുന്നതിലടക്കം എല്ലാ ബാധ്യതയും നിലവിൽ റിയാക്ടറുകൾ നല്കുന്ന കമ്പനികൾക്കാണ്. ആണവ നിലയങ്ങളിൽ അപകടം സംഭവിച്ചാൽ കമ്പനികൾ നൽകേണ്ട നഷ്ടപരിഹാരത്തിന് പരിധി നിശ്ചയിക്കുന്നതാകും പുതിയ നിയമം. എത്ര കാലം ഈ ഉത്തരവാദിത്തം ഉണ്ടാകും എന്നതും പുതുതായി എഴുതിചേർക്കും.
ഇന്ത്യയിലെ ആണവ നിലയങ്ങളുടെ നടത്തിപ്പിൽ സ്വകാര്യ കമ്പനികൾക്ക് പങ്കാളിത്തം അനുവദിക്കുക എന്നതാണ് രണ്ടാമത്തെ ഭേദഗതിയുടെ ലക്ഷ്യം. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് മാത്രമേ ആണവ നിലയങ്ങൾ നടത്താൻ അനുവാദമുള്ളൂ. ഇത് സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ആണവോർജ സ്ഥാപനങ്ങളിൽ 50 ശതമാനത്തിൽ താഴെ ഓഹരികൾ വാങ്ങാൻ വിദേശ അനുമതി നൽകാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ചെറിയ ആണവ റിയാക്ടറുകൾ സ്ഥാപിച്ച് ആണവോർജ ഉത്പാദനം കൂട്ടാനുള്ള നയത്തിൻറെ ഭാഗമായി കൂടിയാണ് ഈ മാറ്റങ്ങൾ.
ഈ രണ്ട് നിയമ ഭേദഗതികൾ കൊണ്ടുവരുന്നതോടെ ആണവോർജ മേഖലയിലെ വിദേശ നിക്ഷേപങ്ങൾക്കുള്ള നിയമപരമായ തടസ്സങ്ങൾ പരിഹരിക്കാൻ ആകും എന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനുപുറമേ ഇന്ത്യ അമേരിക്ക ആണവകരാറിന്റെ വാണിജ്യ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും നിയമ ഭേദഗതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. കരാർ ഒപ്പിട്ട് ഏകദേശം 2 പതിറ്റാണ്ടുകൾക്ക് ശേഷമുള്ള കേന്ദ്രസർക്കാരിന്റെ നിർണായകനീക്കം വരാനിരിക്കുന്ന ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചയിൽ ആണവ രംഗത്തുള്ള നിക്ഷേപം പ്രധാന ചർച്ചയാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമത്തിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ.