കയറ്റുമതി ചെയ്ത മാമ്പഴങ്ങൾ തടഞ്ഞ് അമേരിക്ക; വിമാനത്താവളങ്ങളിൽ ഉപേക്ഷിച്ച് ഇന്ത്യൻ കച്ചവടക്കാർ

ദില്ലി: അമേരിക്ക ഇന്ത്യയിൽ നിന്നും കയറ്റി അയച്ച മാമ്പഴങ്ങൾ നിരസിച്ചതോടെ ഏകദേശം 500,000 ഡോളറിന്റെ നഷ്ടം നേരിട്ട് രാജ്യത്തെ കയറ്റുമതിക്കാർ. അതായത് ഏകദേശം 4.28 കോടി രൂപയുടെ നഷ്ടം! മാമ്പഴ സീസണിൽ കയറ്റുമതിക്കാർ നേരിട്ട വലിയ പ്രതിസന്ധിയാണ് ഇത്. കാരണം, മാമ്പഴ കയറ്റുമതിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് അമേരിക്ക. കയറ്റുമതി ചെയ്യുന്നതിനിടെ ഡോക്യുമെന്റേഷൻ പ്രക്രിയയിൽ പിഴവുകൾ സംഭവിച്ചതായി ആരോപിച്ചാണ് യുഎസ് അധികൃതർ പതിനഞ്ചോളം കയറ്റുമതികൾ തടഞ്ഞത്.
ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ തുടങ്ങിയ വിമാനത്താവളങ്ങളിൽ ചരക്കുകൾ തടയപ്പെട്ടതോടെ മാമ്പഴങ്ങൾ അവിടെ ഉപേക്ഷിക്കുകയാണ് കയറ്റുമതിക്കാർ ചെയ്തത്. കാരണം തിരിച്ച് ഈ ചരക്കുൾ ഇന്ത്യയിലെത്തിക്കുന്നതിന് വീണ്ടും പണം മുടക്കണം, അത് നഷ്ടം കൂട്ടുകയുള്ളൂ.
പഴങ്ങളിലെ കീടങ്ങളെ കൊല്ലുന്നതിനും അവയുടെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കുന്നതിനുമായി ചെയ്യുന്ന ഇറേഡിയേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട രേഖകളിലെ പൊരുത്തക്കേടുകളാണ് മാമ്പഴം നിരസിക്കാനുള്ള കാരണം. ശ്രദ്ധാപൂർവ്വം, കുറഞ്ഞ അളവിൽ റേഡിയേഷൻ ഉപയോഗിച്ചാണ് ഈ സംസ്കരണ പ്രക്രിയ ചെയ്യുക. മെയ് 8, 9 തീയതികളിൽ മുംബൈയിൽ വെച്ച് ഈ മാമ്പഴങ്ങൾ ഇറേഡിയേഷൻ പ്രക്രിയയ്ക്ക് വിധേയമാക്കിയതായാണ് റിപ്പോർട്ട്.