തുര്‍ക്കിക്കെതിരായ നിലപാട് കടുപ്പിച്ച് ഇന്ത്യ

തുര്‍ക്കിയുടെ ഇന്ത്യയിലെ പുതിയ സ്ഥാനപതിക്ക് രാഷ്ട്രപതി അംഗീകാരം നൽകുന്നത് മാറ്റി വച്ചു. തുർക്കിയിലേക്കുള്ള യാത്രാ പിന്മാറ്റത്തിന് പിന്നാലെ തുർക്കിയുടെ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന ആവശ്യവും ജനങ്ങൾക്കിടയിൽ ശക്തമാകുകയാണ്. അതേസമയം പാകിസ്ഥാനോട് തെറ്റി നിൽക്കുന്ന താലിബാന്‍ ഭരണകൂടവുമായി സഹകരണം ശക്തമാക്കാനുള്ള ശ്രമം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാരിൻറെ നയം മാറ്റം വ്യക്തമാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. ഇന്ത്യയിലെ തുര്‍ക്കി സ്ഥാനപതിയായി അലി മുറാത് എര്‍സോയിയെ അംഗീകരിക്കുന്ന ചടങ്ങ് രാഷ്ട്രപതി ഭവനില്‍ ഇന്ന് നടത്താനായിരുന്നു നിശ്ചയിച്ചത്. എന്നാല്‍ അവസാന നിമിഷം ചടങ്ങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പത്ത് ദിവസം മുന്‍പ് നിശ്ചയിച്ച ക്രഡന്‍ഷ്യല്‍ ചടങ്ങ് റദ്ദാക്കിയത് തുര്‍ക്കിയുടെ പാക് അനുകൂല നിലപാടിന്‍റെ പശ്ചാത്തലത്തില്‍ തന്നെയെന്നാണ് സൂചന. തുർക്കി പ്രസിഡൻറ് എർദോഗൻ പാകിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുകയും ആയുധങ്ങൾ എത്തിച്ചു നൽകുകയും ചെയ്തതിൽ കടുത്ത അതൃപ്തിയാണ് ഇന്ത്യ പ്രകടമാക്കുന്നത്. സംഭവത്തില്‍ തുര്‍ക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല.