മണിപ്പൂരില്‍ ഏറ്റുമുട്ടല്‍; 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ചന്ദേലില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സംഘത്തില്‍ നിന്നും വലിയ ആയുധ ശേഖരവും സൈന്യം പിടിച്ചെടുത്തു. മേഖലയില്‍ ഇപ്പോഴും ഓപ്പറേഷന്‍ തുടരുകയാണ്.
ഇന്തോ-മ്യാൻമർ അതിര്‍ത്തിലെ ഖെങ്‌ജോയ് തെഹ്‌സിലിലെ ന്യൂ സാംതാലില്‍ തീവ്രവാദി സാന്നിധ്യം ഉള്ളതായി വിവരം ലഭിച്ചതോടെയാണ് സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചത്. ഇന്നലെ (മെയ് 14) വൈകിട്ടാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. സൈന്യവും അസം റൈഫിള്‍സും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.തെരച്ചിലിനിടെ തീവ്രവാദി സംഘം സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. ഇതോടെ സേന ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യത്തിന്‍റെ ഈസ്റ്റേൺ കമാൻഡ് അറിയിച്ചു.