സൊഹാറിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി
സൊഹാർ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിലെ സൊഹാറിൽ നിര്യാതനായി. 35 വർഷമായി സൊഹാറിൽ അലുമിനിയം ബിസിനസ് രംഗത്തുള്ള ഉണ്ണിയേട്ടൻ എന്ന് വിളിക്കുന്ന കണ്ണൂർ മാവിലായി മൂന്നാം പാലം എളമന സ്വദേശി പ്രശാന്ത് ഭവനത്തിൽ പ്രകാശ് മുകുന്ദൻ (60) ആണ് മരണപ്പെട്ടത്. സൊഹാർ മേഖലയിൽ സാമൂഹിക രംഗത്തും നാടക രംഗത്തും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു. കരുണ സുഹാർ, ആക്ടേഴ്സ് ലാബ് എന്നിങ്ങനെയുള്ള കലാ, സാംസ്കാരിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു.
ഒമാനി സ്കൂളിൽ അധ്യാപികയായ ശർമ്മിളയാണ് ഭാര്യ. അമൃത ഹോസ്പിറ്റലിലെ ഡോക്ടർ ഹർഷ, ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിയായ അക്ഷയ് എന്നിവർ മക്കളാണ്. കണ്ണൂർ ചാലയിൽ ആണ് തറവാട്. പിന്നീട് താമസം മാവിലായിലേക്ക് മാറി. സുഹാർ ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു