കേണൽ സോഫിയ ഖുറേഷിക്കെതിരായ പ്രസ്താവന: രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

ബിജെപിക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ കേണൽ സോഫിയ ഖുറേഷിക്ക് എതിരെ വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. മന്ത്രിയുടെ വിവാദ പ്രസംഗത്തിനിടെ ഒപ്പമുണ്ടായിരുന്ന ബിജെപി നേതാക്കളെല്ലാം ആർത്ത് അട്ടഹസിച്ചു ചിരിക്കുകയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വിക്രം മിസ്രിക്ക് എതിരെയും സൈബർ ആക്രമണം നടത്തി, എസ് ജയശങ്കർ ഒരു പ്രതികരണം പോലും അതിനെതിരെ നടത്തിയില്ലെന്നും അദേഹം പറഞ്ഞു.
സുപ്രീം കോടതിക്ക് എതിരെയും ആർഎസ്എസ് ബിജെപി നേതാക്കൾ നിരന്തരം പ്രസ്താവനകൾ നടത്തുകയാണ്. സുപ്രീം കോടതിക്ക് എതിരെ ഗുരുതര പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ജെ നന്ദകുമാറിന് എതിരെ കേസെടുക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.