നന്തൻകോട് കൂട്ടക്കൊല: വിധി ഇന്ന്

വിധി ഇന്ന് ഉച്ചയ്ക്ക് 1 .15 ന്
തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലപാതക കേസിലെ ഏക പ്രതി കേദൽ ജിൻസൻ രാജയുടെ ശിക്ഷ കോടതി ഇന്ന് വിധിക്കും . . തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ അംഗീകരിച്ച് പ്രതി കുറ്റക്കാരനാണെന്ന വിധി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.
302 (കൊലപാതക കുറ്റം), 436 (വീട് തീവച്ച് നശിപ്പിച്ചത്), 201(തെളിവ് നശിപ്പിച്ചത്) എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തൽ. 2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊലയ്‌ക്ക് തുടക്കം. തിരുവനന്തപുരത്തെ പ്രധാന മേഖലയായ നന്തൻകോട്ടെ ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117ആം നമ്പർ വീട്ടിലായിരുന്നു സംഭവം. മാതാപിതാക്കളായ പ്രൊഫ. രാജാ തങ്കം, ഡോ. ജീൻ പത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്. രണ്ട് ദിവസങ്ങളിലായാണ് ഈ കൊലപാതകങ്ങൾ നടന്നത്. മൃതദേഹങ്ങൾ ഏപ്രിൽ ഒമ്പതിന് പുലർച്ചെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവായ ലളിതയുടെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.