SNMS അറുപത്തിയൊന്നാം വാർഷികം: മഹാരാഷ്ട്ര ഗവർണർ ഉദ്ഘാടനം ചെയ്യും.

0

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ അറുപത്തിയൊന്നാമതു വാർഷികാഘോഷം മെയ് -18 നു ഞായറാഴ്ച സമിതിയുടെ ആസ്ഥാനമായ ചെമ്പൂർ ശ്രീനാരായണ നഗറിലെ വിദ്യാഭ്യാസ സമുച്ചയത്തിൽ നടക്കും. വൈകീട്ട് 5 നു ഭദ്രദീപം തെളിയുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. 5 .30 മുതൽ 6 .30 വരെ മലയാള സിനിമ പിന്നണി ഗായകൻ വിജേഷ് ഗോപാലും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ആരംഭിക്കും. 6 .30 നു സമിതി പ്രസിഡന്റ് എം. ഐ. ദാമോദരന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന പൊതുസമ്മേളനം മുഖ്യ അഥിതിയായ മഹാരാഷ്ട്ര ഗവർണർ  സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.  സഞ്ജയ് ദിന പാട്ടീൽ, എം. പി. വിശിഷ്ടാതിഥിയായിരിക്കും. സമിതി ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് എന്നിവർ പ്രസംഗിക്കും. 7.30 മുതൽ മെഗാ മ്യൂസിക്കൽ നൈറ്റ് തുടരും.

1963 ൽ ഗുരുഭക്തരായ ഏതാനും ചിലർ ചേർന്ന് രൂപം കൊടുത്ത ശ്രീനാരായണ മന്ദിരസമിതി ഇന്ന് മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി വളർന്നു പന്തലിച്ചിരിക്കുന്നു. 39 യൂണിറ്റുകളിലായി 16 ,000 ൽ പരം അംഗങ്ങളും കോടികളുടെ ആസ്തിയുമായി വിദ്യാഭ്യാസ – സേവന രംഗങ്ങളിൽ ഒരു നിറസാന്നിധ്യമായി മാറിയിരിക്കുന്ന ശ്രീനാരായണ മന്ദിരസമിതി ഒരു ഡീംഡ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. സമിതിയുടെ ചെമ്പൂർ എഡ്യൂക്കേഷൻ കോംപ്ലക്സ് , ഉൽവയിലെ ശ്രീ നാരായണ ഗുരു ഇന്റർനാഷണൽ സ്‌കൂൾ എന്നിവിടങ്ങളിലായി 11 ,000 ത്തിലധികം കുട്ടികൾ പഠിക്കുന്നു. എൽ. കെ.ജി മുതൽ പോസ്റ്റ് ഗ്രാഡുവേഷൻ വരെയുള്ള കോഴ്‌സുകൾക്ക് പുറമെ തൊഴിലധിഷ്ഠിത കോഴ്‌സുകളും `ടിസ്’ പോലെയുള്ള സ്ഥാപങ്ങളുമായി സഹകരിച്ചുകൊണ്ട് നടത്തിവരുന്നു. പാൽഘർ ജില്ലയിലെ സാരാവലി പഞ്ചായത്തിൽ 12 ,120 ചതുരശ്ര മീറ്റർ സ്ഥലത്ത്‌ 2023 ഏപ്രിലിൽ ആരംഭിച്ച സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിവരുന്നു. ഈ വർഷം തന്നെ സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും സമിതിയുടെ സാന്നിധ്യം എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കുകയും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ജനോപകാരപ്രദങ്ങളായ നിരവധി പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് സമിതി അറുപത്തിയൊന്നാം വാർഷികം ആഘോഷിക്കുന്നതെന്ന് സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ, ചെയർമാൻ എൻ. മോഹൻദാസ്, ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് എന്നിവർ സംയുക്തമായി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *