മലയാളികൾക്ക് ഇത്തവണ കൂടുതൽ ആവേശം, കേരളത്തെ അവഗണിച്ചിട്ടില്ല’ ; നരേന്ദ്ര മോദി
തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളികള്‍ കൂടുതല്‍ ആവേശത്തിലാണെന്നും 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും കേരളത്തില്‍ എന്‍ഡിഎക്ക് രണ്ടു സീറ്റിലധികം നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്‍ക്കും നമസ്കാരമെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. അനന്തപത്മനാഭ സ്വാമിയെ നമസ്കരിക്കുകയാണെന്നും രാജ്യത്തിന്‍റെ പുരോഗതിയ്ക്കുവേണ്ടി അനന്തപത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടുകയാണെന്നും മോദി പറഞ്ഞു.
തിരുവനന്തപുരത്ത് വരുന്നത് സന്തോഷമുള്ള കാര്യമാണ്. ഏറ്റവും സ്നേഹമുള്ള ആളുകളുള്ള നഗരമാണിത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വന്നപ്പോള്‍ നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കും. കേരളം എന്നും സ്നേഹം നല്‍കി. ഇത്തവണ മലയാളികൾക്ക് കൂടുതൽ ആവേശം കാണുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ നാനൂറിലധികം സീറ്റുകൾ എന്നതാണ് ഇത്തവണത്തെ എന്‍ഡിഎയുടെ മുദ്രാവാക്യമെന്നും മോദി പറഞ്ഞു. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു.