വെടിനിർത്തലിനെ സ്വാഗതം ചെയ്ത് യു എ ഇ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇന്നലെ വൈകീട്ട് അഞ്ച് മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ യു എ ഇ സ്വാഗതം ചെയ്തു. ഈ വെടിനിർത്തൽ ദക്ഷിണേഷ്യയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്റ അൽ ഹാമിലി പ്രതീക്ഷ പ്രകടിപ്പിച്ചു. നയതന്ത്രവും സംഭാഷണവും വഴി പിരിമുറുക്കങ്ങൾ പരിഹരിക്കുന്നതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.വെടിനിർത്തലിന് വഴിയൊരുക്കിയ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളെ യു എ ഇ അഭിനന്ദിച്ചു.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങളുടെ ദീർഘകാല സ്ഥിരത, വികസനം, സമൃദ്ധി എന്നിവക്ക് കരാർ വഴിയൊരുക്കുമെന്നാണ് യു എ ഇ പ്രതീക്ഷിക്കുന്നത്. ഇന്ത്യ – പാകിസ്ഥാൻ ബന്ധത്തിൽ വിശ്വാസം വളർത്താനും പിരിമുറുക്കങ്ങൾ കുറക്കാനും സംഭാഷണത്തിന്റെ പ്രാധാന്യം യു എ ഇ ഊന്നിപ്പറഞ്ഞു. യു എ ഇയിലെ ഇന്ത്യൻ, പാകിസ്ഥാൻ പ്രവാസികളും ഈ വെടിനിർത്തലിനെ സ്വാഗതം ചെയ്തു. തങ്ങളുടെ മാതൃരാജ്യങ്ങളിലെ പിരിമുറുക്കം അവരിൽ വ്യപകമായ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.