സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്ത്, ലീഗിന്റെ നിർണായക യോഗം നാളെ
മലപ്പുറം:സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുസ്ലീം ലീഗിന്റെ നേതൃയോഗം നാളെ ചേരും. കോൺഗ്രസ്,ലീഗ് ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങൾ നേതാക്കൾ, പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ ധരിപ്പിച്ചു.ഇതിനിടെ സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്തെത്തി.പൊന്നാനിയിലും മലപ്പുറത്തും സിറ്റിങ് എംപിമാർ മത്സരിക്കുക എന്നതായിരുന്നു നേരത്തെ ധാരണ എങ്കിലും രാജ്യസഭ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയുള്ളതിനാൽ പുതുമുഖത്തെ ഇറക്കണോയെന്നതാണ് പാർട്ടിയിൽ നിലവിലെ ആലോചന.
നാളെ നടക്കുന്ന നിർണായക നേതൃയോഗത്തിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയാകും.പി.കെ.കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എന്നിവർ പാണക്കാട് നേരിട്ടെത്തി
സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ചർച്ചയിലെ തീരുമാനത്തിൽ പൂർണതൃപ്തിയില്ലെങ്കിലും സിറ്റിങ് സീറ്റ് വിട്ടുനൽകാനാവില്ലെന്ന കോൺഗ്രസ് നിലപാട് അംഗീകരിക്കുകയാണ് മുസ്ലീം ലീഗ്.മൂന്നാം സീറ്റിൽ വിട്ടുവീഴ്ച ചെയ്തതിൽ യൂത്ത് ലീഗിന് പ്രതിഷേധമുണ്ട്. ഇത്തവണ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്
യൂത്ത് ലീഗ് നേതാക്കളും സാദിഖലി ശിഹാബ് തങ്ങളെ കണ്ടു.
സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്,മുൻഎംഎൽഎ കെഎം ഷാജി എന്നിവരുടെ പേരാണ് യൂത്ത് ലീഗ് മുന്നോട്ടുവയ്ക്കുന്നത്.അബ്ദുസമദ് സമദാനിയെ രാജ്യസഭയിലേക്ക് പരിഗണിക്കുമെങ്കിൽ ഒരു സീറ്റ് നൽകണമെന്നാണ് ആവശ്യം. എന്നാൽ നിലവിലെ രണ്ട് എംപിമാരും മത്സരരംഗത്തു വന്നാൽ രാജ്യസഭയിലേക്കും സീനിയർ നേതാവ് എത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്.