സിന്ധു നദീജല ഉടമ്പടി : ഇന്ത്യന്‍ നടപടിയില്‍ ഇടപെടില്ലെന്ന് ലോകബാങ്ക്

സിന്ധു നദീജല ഉടമ്പടി റദ്ദാക്കാനുള്ള ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനില്ലെന്ന് ലോകബാങ്ക്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. ഇന്ത്യാ പാക് സിന്ധു നദീജല ഉടമ്പടിയിലെ ഒരു സഹായി മാത്രമാണ് ലോകബാങ്കെന്നും ലോകബാങ്ക് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും അജയ് ബംഗ വ്യക്തമാക്കി. ലോക ബാങ്ക് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്, പക്ഷേ അവയെല്ലാം ശരിയായ റിപ്പോര്‍ട്ടുകളല്ല, കരാറില്‍ സഹായി എന്ന നിലയില്‍ മാത്രമാണ് ലോക ബാങ്ക് പ്രവര്‍ത്തിക്കുന്നത്’ അജയ് ബംഗ സിഎന്‍ബിസിയോട് പറഞ്ഞു.
സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിര്‍ണ്ണയിക്കുന്ന കരാറില്‍ നിന്ന് പിന്‍മാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഉടമ്പടി റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും ഇന്ത്യയെ തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ലോക ബാങ്കിനെ സമീപിക്കുമെന്ന് പാകിസ്ഥാന്‍ പറഞ്ഞിരുന്നു. പടിഞ്ഞാറന്‍ നദികളായ ഝലം, ചെനാബ്, ഇന്‍ഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കന്‍ ഭാഗത്തെ സത്‌ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂര്‍ണ്ണമായും ഇന്ത്യയ്ക്കും നല്‍കുന്നതാണ് കരാര്‍. പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികള്‍ക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികള്‍ക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാന്‍ കഴിയൂ. കറാറില്‍ നിന്നും പിന്‍മാറുന്നതിലൂടെ കരാര്‍പ്രകാരമുള്ള എല്ലാ നടപടികളും നിര്‍ത്തി വയ്ക്കാനാണ് ഇന്ത്യയുടെ നീക്കം.
കരാറില്‍ ഭേദഗതി വരുത്താനുള്ള പാകിസ്ഥാന് നിരവധി കത്തുകള്‍ അയച്ചതായും എന്നാല്‍ പ്രതികരണം ഒന്നും ഉണ്ടായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയത്. കരാര്‍ ലംഘിക്കുന്നത് പാകിസ്ഥാനാണെന്നും വര്‍ഷങ്ങളായി തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സഹാചര്യത്തിലാണ് കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.