അഡ്വ. സണ്ണി ജോസഫിൻ്റെ നിയമനം കെപിസിസിക്ക് കൂടുതൽ ഊർജ്ജം പകരുന്നത് : ജോജോതോമസ്

മുംബൈ :കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിററി (KPCC) യുടെ പുതിയ പ്രസിഡന്റായി നിയോഗിക്കപ്പെട്ട അഡ്വ.സണ്ണി ജോസഫ് കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകരെ ഒറ്റക്കെട്ടാക്കി മുന്നോട്ടു നയിക്കുന്നതിനും പാർട്ടിക്ക് പുതിയ ദിശാബോധം നൽകി കരുത്തുപകരുന്നതിനും പ്രാപ്തിയുള്ള അനുഭവ സമ്പന്നനായ നേതാവാണെന്ന് സുഹൃത്തും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോതോമസ് .
കോൺഗ്രസ് പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സന്ദർഭത്തിൽ മുന്നോട്ടു നയിക്കുകയും, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കി പാർട്ടിയെ വിജയത്തിലെത്തിക്കുകയും
ചെയ്ത സ്ഥാനമൊഴിഞ്ഞ മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെപ്പോലെതന്നെ, കേരളം ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുന്ന വേളയിൽ പാർട്ടിയ്ക്ക് മികച്ച വിജയം സമ്മാനിക്കാൻ സണ്ണിജോസഫിൻ്റെ നേതൃപാടവത്തിനു സാധിക്കുമെന്നും ജോജോ തോമസ് അറിയിച്ചു.
വർക്കിങ്ങ് പ്രസിഡന്റുമാരായി ഷാഫി പറമ്പിൽ എം പി, എംഎൽഎ മാരായ പി.സി. വിഷ്ണുനാഥ് എ.പി അനിൽകുമാർ എന്നിവരെ നിയമിച്ചതും പാർട്ടിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ജോജോ പറഞ്ഞു.
“കഴിഞ്ഞ പാർലമെൻറ്റു തിരഞെടുപ്പു സമയത്ത് മുംബെയിൽ അദ്ദേഹം ഞങ്ങളുടെ കൂടെ പ്രചരണത്തിനുണ്ടായിരുന്നു. ഞാൻ മലയാളികളുടേതടക്കം 24 കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.മതേതര വോട്ടുകളുടെ ഏകീകരണം ലക്ഷ്യമാക്കി സംഘടിപ്പിച്ച പല യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു . ലോകസഭാ തിരഞ്ഞെടുപ്പിൽ അതിന്റെ ഫലം
പാർട്ടിക്ക് ലഭിക്കുകയും ചെയ്തു.സ്നേഹവും, ലാളിത്യവും നിറഞ്ഞ അദ്ദേഹത്തിൻ്റെ ഇടപെടലുകൾ മറുനാട്ടുകാരെ ആകർഷിച്ചു. നിയമന വിവരം അറിഞ്ഞ് ആദ്യം എന്നെ വിളിച്ചത് മറുനാട്ടിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമാണ്.” ജോജോതോമസ് പറഞ്ഞു.
അഡ്വ. സണ്ണി ജോസഫ് കണ്ണൂർ DCC ജനറൽ സെക്രട്ടറി ആയിരിക്കുന്ന കാലം മുതൽ തുടരുന്ന ബന്ധമാണെന്നും പുതിയ കെ.പി.സി.സി ടീമിൻ്റെ നേതൃത്വത്തിൽ പാർട്ടി ശക്തിപ്പെടുകയും ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്ത് കേരളത്തിൽ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും ജോജോതോമസ് കൂട്ടിച്ചേർത്തു.