ജയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡർ അടക്കം 100 ഓളം പാക് ഭീകരര്‍ കൊല്ലപ്പെട്ടു; ‘ഓപ്പറേഷൻ സിന്ദൂറി’നെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

0

കൊല്ലപ്പെട്ടവരിൽ  ഖണ്ഡഹാർ വിമാന റാഞ്ചൽ അടക്കം ,ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും കൊടും ഭീകരനുമായ  ജയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡർ അബ്ദുൾ റൗഫ് അസറും!

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സര്‍വകക്ഷി യോഗത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് കേന്ദ്ര സർക്കാർ. ഓപ്പറേഷനില്‍ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് . ഓപ്പറേഷൻ സിന്ദൂര്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും അതിനാൽ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നതിനെ കുറിച്ച് കൃത്യമായ എണ്ണം പറയാൻ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ ഇനി ആക്രമിച്ചാൽ ഇന്ത്യ തിരിച്ചടിക്കുമെന്നും പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി.

പാകിസ്ഥാനെതിരെയുള്ള സംഘര്‍ഷത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും നല്‍കിയ പിന്തുണയെയും കേന്ദ്രം അഭിനന്ദിച്ചു. നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന സമയത്ത് എല്ലാ നേതാക്കളും പക്വത കാണിച്ചിട്ടുണ്ടെന്ന് സർവകക്ഷി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. “നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന സമയത്ത് എല്ലാ നേതാക്കളും പക്വത കാണിച്ചു. ഓപ്പറേഷൻ സിന്ദൂരിന് സായുധ സേനയെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്‌തു, കൂടാതെ സർക്കാരിനെയും സായുധ സേനയെയും പിന്തുണയ്ക്കുമെന്ന് പറഞ്ഞു. ഞങ്ങൾക്ക് ചില നിർദേശങ്ങളും ലഭിച്ചു,” കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും അവരുടെ നിര്‍ദേശങ്ങൾ പങ്കുവച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നിർമല സീതാരാമൻ, എസ് ജയശങ്കർ, രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ് എംപി ഉള്‍പ്പെടെയുള്ളവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു. പാകിസ്ഥാനെതിരെയുള്ള പോരാട്ടത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. തങ്ങൾ എല്ലാവരും സർക്കാരിനൊപ്പമാണെന്ന് സർവകക്ഷി യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

“ഓപ്പറേഷൻ സിന്ദൂരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കി. ചില രഹസ്യ വിവരങ്ങൾ പുറത്ത് പങ്കിടാൻ കഴിയില്ലെന്നും കേന്ദ്രം പറഞ്ഞു. ഞങ്ങളെല്ലാവരും സർക്കാരിനൊപ്പമാണ്” ഖാർഗെ പറഞ്ഞു. സൈന്യത്തിന്‍റെ തുടര്‍നീക്കങ്ങളും യോഗത്തിൽ ചര്‍ച്ചയായിട്ടുണ്ട്. തുടര്‍നടപടികളെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കേന്ദ്രം അഭിപ്രായം ആരാഞ്ഞു. ഭീകരരുടെ താവളങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷൻ സിന്ദൂര്‍ നടപ്പിലാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ രാജനാഥ് സിങ് യോഗത്തിനിടെ വിശദീകരിച്ചു.

പാക് സംഘർഷത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്രത്തിന് പിന്തുണ പ്രഖ്യാപിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. “പാകിസ്ഥാനെതിരെയുള്ള പോരാട്ടത്തിന് ഞങ്ങൾ പൂർണ പിന്തുണ നൽകി, ഖാർഗെ പറഞ്ഞത് ശരിയാണ്, ചർച്ച ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എല്ലാവരും പിന്തുണ നൽകുക മാത്രമാണ് ചെയ്‌തത്,” രാഹുൽ ഗാന്ധി സർവകക്ഷി യോഗത്തിന് ശേഷം പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ  ഖണ്ഡഹാർ വിമാന റാഞ്ചൽ അടക്കം ,ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും കൊടും ഭീകരനുമായ  ജയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡർ അബ്ദുൾ റൗഫ് അസറും (കൊടും തീവ്രവാദി മസൂദ് അസറിൻ്റെ സഹോദരൻ ) ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ കിട്ടിയ വിവരം 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *