വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

0
modi

തിരുവനന്തപുരം: കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായി മാറുന്ന വിഴിഞ്ഞത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

vizhinjam 1024x773 1
PM dedicates to the Nation Vizhinjam International Seaport in Thiruvananthapuram, Kerala on May 02, 2025.

വിഴിഞ്ഞം തുറമുഖം രാജ്യത്തിനും കേരളത്തിനും സാമ്പത്തിക സ്ഥിരത നൽകുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമുദ്ര വ്യാപാര രംഗത്ത് കേരളത്തിൻ്റെ പങ്ക് വളരെ വലുതാണ്. തുറമുഖം യാഥാർഥ്യമായതോടെ നാടിൻ്റെ പണം നാടിനു തന്നെ ലഭിക്കുന്ന സ്ഥിതിയായി. ഇനി രാജ്യത്തിൻ്റെ പണം പുറത്തേക്ക് ഒഴുകില്ല. വിഴിഞ്ഞം കേരളത്തിന് മാത്രമല്ല, രാജ്യത്തിനും സാമ്പത്തിക സ്ഥിരത നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര പദ്ധതികളിലൂടെ കേന്ദ്ര സർക്കാർ കേരളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, കൊല്ലം ബൈപാസും ആലപ്പുഴ ബൈപാസും അതിവേഗം പൂർത്തിയാക്കിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടി.മൂന്നാം സഹസ്രാബ്ദത്തിലെ വികസന സാധ്യതകളിലേക്ക് രാജ്യത്തിൻ്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞത്തിലൂടെ സാധ്യമായതെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെ ആഗോള സമുദ്ര വ്യാപാര ഭൂപടത്തിലേക്ക് കണ്ണിചേർക്കുന്ന മഹാ സംരംഭമാണിത്. ചരിത്ര വിസ്മൃതിയിൽ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് വികസിപ്പിച്ച് അന്താരാഷ്ട്ര തുറമുഖമാക്കിയത് എൽഡിഎഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

modi jpeg

ചടങ്ങിൽ കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, ജി.ആർ. അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എം. വിൻസെൻ്റ് എംഎൽഎ, എ. റഹിം, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലെ നിർണ്ണായക ഏടാണ് രചിക്കപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *