പഹൽഗാം ഭീകരാക്രമണം: ജുഡീഷ്യൽ അന്വേഷണ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. ഇത്തരം സമയത്ത് സേനയുടെ മനോവീര്യം കെടുത്തുകയാണോ എന്ന് കോടതി വിമർശിച്ചു. വിമർശനത്തിന് പിന്നാലെ ഹർജി പിൻവലിച്ചു. തർക്കങ്ങളിൽ മാത്രമേ ഇത്തരത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സൈന്യത്തിൻ്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുത് എന്ന് സുപ്രീംകോടതി പറഞ്ഞു. ഹർജിക്കാർക്കെതിരെ രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
വിഷയത്തിന്റെ വൈകാരിക സ്വഭാവം മനസിലാക്കിയോ എന്നും ഹർജിക്കാരോട് സുപ്രീംകോടതി ചോദിച്ചു. ഇന്ത്യയിലെ ഓരോ പൗരനും കൈകോർത്ത് ഭീകരതയ്ക്കെതിരെ പോരാടേണ്ട നിർണായക മണിക്കൂറുകൾ ആണിത് എന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളുടെ വിഷയവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ ഹൈക്കോടതിയിലേക്ക് പോകാം എന്ന് കോടതി നിർദേശിച്ചു. തുടർന്ന് ഹർജി നൽകിയവർ തന്നെ ഹർജി പിൻവലിച്ചു.