തൃശൂർ പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ലെന്ന് ദേവസ്വങ്ങൾ

തൃശൂർ: പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ലെന്ന് ദേവസ്വങ്ങൾ. ഫിറ്റ്‌നെസ് പരിശോധന കഴിയുന്നതോടെ ലിസ്റ്റിലുള്ള ആനകളുടെ എണ്ണം കുറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകും. കഴിഞ്ഞവർഷം ആവശ്യത്തിന് ആനകളെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആനകൾ കുറഞ്ഞു. പ്രതിസന്ധി കൂടികൂടി വരികയാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പ്രതികരിച്ചു.
42 ആനകളെയാണ് കഴിഞ്ഞവർഷം സജ്ജീകരിച്ചിരുന്നത്. എന്നാൽ 28 ആനകളെയാണ് കിട്ടിയത്. കഴിഞ്ഞവർഷം പൂരത്തിൽ പങ്കെടുത്ത് നാലോളം ആനകൾ ചരിഞ്ഞുപോയതും പ്രതിസന്ധിക്ക് കാരണമായി. കഴിഞ്ഞവർഷം ഘടകപൂരങ്ങൾക്ക് ആനകളെ ആവശ്യാനുസരണം ലഭിച്ചിരുന്നില്ല. സർക്കാർ വിഷയം ഗൗരവമായി കാണമെന്നും സംസ്ഥാനത്തിന് പുറത്തുനിന്ന് ആനകൾ എത്തിയാൽ മാത്രമേ പൂരം നടക്കൂവെന്നും ദേവസ്വങ്ങൾ പറയുന്നു.
നേരത്തെ മൂന്നൂറ് ആനകൾ എത്തിയിരുന്ന സ്ഥാനത്ത് 100 എണ്ണം തികയ്ക്കാൻ കഴിയാത്ത സ്ഥിതിയിലേക്കെത്തി. പൂരത്തിനെത്തുന്ന ആനകൾ കൃത്യമായി ഫിറ്റ്‌നസ് പരിശോധനക്ക് ശേഷമാണ് പങ്കെടുപ്പിക്കുന്നത്. ഇതോടെ പ്രതീക്ഷിക്കുന്ന ആനകളുടെ എണ്ണം കുറയും. ഇതിന് പരിഹാരമായാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് ആനകളെ എത്തിക്കാൻ അനുവദിക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിരിക്കുന്നത്.