ഏഴാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

0

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്നു. നിയന്ത്രണരേഖയില്‍ കുപ്‌വാര, ഉറി, അഖിനൂര്‍ സെക്ടറുകളിലാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. വടക്കന്‍ കശ്മീരിലെ കുപ്‌വാര, ബാരാമുള്ള ജില്ലകളിലെ നിയന്ത്രണരേഖയിലെ നിരവധി പോസ്റ്റുകളിലേക്കാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. പിന്നാലെ പൂഞ്ച് സെക്ടറിലും, രജൗരി ജില്ലയിലെ സുന്ദര്‍ബാനി, നൗഷേര, ജമ്മു മേഖലയിലെ അഖ്‌നൂര്‍ സെക്ടറിലും വെടിവെപ്പുണ്ടായി.

ഏപ്രില്‍ 22 ന് പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ചൊവ്വാഴ്ച ഹോട്ട്ലൈനില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷവും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുകയാണെന്ന് ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു. അതിനിടെ ഇന്ത്യ അതിര്‍ത്തിയില്‍ ജാമര്‍ സ്ഥാപിച്ചു. പാകിസ്ഥാന്‍ സൈനിക വിമാനങ്ങളുടെ നാവിഗേഷന്‍ തടയുക ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നടപടി. പാകിസ്ഥാന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുന്ന ജിപിഎസ് (യുഎസ്), ഗ്ലോനാസ് (റഷ്യ), ബീഡോ (ചൈന) എന്നിവയുള്‍പ്പെടെയുള്ള ഉപഗ്രഹ അധിഷ്ഠിത നാവിഗേഷന്‍ പ്ലാറ്റ്ഫോമുകളെ തടസ്സപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണ് ഇന്ത്യ സജ്ജീകരിച്ചിരിക്കുന്നത്. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപാതയില്‍ ഇന്നലെ മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *