വരവില്‍ കവിഞ്ഞ സ്വത്ത്, കെ എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ

0

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ എം എബ്രഹാമിന് എതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കേസിലെ പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി സിബിഐ പരാതി എഴുതി വാങ്ങി. തുടര്‍ന്ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സിബിഐ കോടതിയില്‍ കേസിന്റെ എഫ്ഐആര്‍ സമര്‍പ്പിക്കും.

2015-ല്‍ ധനകാര്യ അഡീ.ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കെ എം എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും യഥാക്രമം മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്ളാറ്റുകളും കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും ഉണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റച്ചട്ടപ്രകാരം വര്‍ഷം തോറും ചീഫ് സെക്രട്ടറിക്ക് നല്‍കേണ്ട സാമ്പത്തിക ആസ്തി സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടില്ല. ഭാര്യയുടെയും മകളുടെയും പേരിലും വലിയ സമ്പാദ്യം ഉണ്ട്. ഇതിന്റെയൊന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *