താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു

ഫോട്ടോ: മന്ദിരസമിതിയും റോട്ടറി ക്ലബും ചേർന്ന് താനെയിൽ ആരംഭിച്ച സാറ്റലൈറ്റ് ഹെൽത്ത് കെയർ സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങ്
മുംബൈ: : ശ്രീനാരായണ മന്ദിര സമിതിയും സാൾട്ട് സിറ്റി റോട്ടറി ക്ലബ്ബും ചേർന്ന് ഹീരാമോംഗി നവനീത് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ‘സാറ്റലൈറ്റ് ഹെൽത്ത് കെയർ സെൻ്റർ’ എന്ന പേരിൽ ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു. സമിതിയുടെ താനെ വെസ്റ്റ് ശ്രീനഗറിലെ ഗുരുസെൻ്ററിൻ്റെ ഒന്നാം നിലയിലാണ് ഹെൽത്ത് സെൻ്റർ . ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഡൻ്റൽ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മികച്ച വൈദ്യസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെൻ്റർ ആരംഭിച്ചിട്ടുള്ളതെന്നും താനെയിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാർക്ക് ഈ സെൻ്റർ ആശ്വാസമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും സമിതി ചെയർമാൻ എൻ. മോഹൻദാസ് പറഞ്ഞു. വൈകിട്ട് 6 മുതൽ 9 വരെയാണ് പ്രവർത്തന സമയം. സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങിൽ അനിൽ ഡി. ഗാല , ഹിരാലാൽ മുർഗ്, എൻ. മോഹൻദാസ്, അനീഷ് ദാമോദരൻ എന്നിവർ പങ്കെടുത്തു.