കൽപ്പറ്റയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

വയനാട്: കൽപ്പറ്റയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. ഇന്ന് (ഏപ്രില്‍ 24) വൈകിട്ടാണ് സംഭവം. ടൗണില്‍ നിന്നും ജോലി കഴിഞ്ഞ് കോളനിയിലേക്ക് മടങ്ങും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്.അപ്രതീക്ഷിതമായി അറുമുഖന്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അറുമുഖന്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. വിവരം അറിഞ്ഞ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം വനത്തില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
മരണവാർത്തയറിഞ്ഞതോടെ നാട്ടുകാർ പ്രതിഷേധിച്ചു. മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാൻ അനുവദിക്കാതിരുന്ന നാട്ടുകാർ ആനയെ വെടിവെച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. തുടർന്ന് സ്ഥലത്തെത്തിയ ഡിഎഫ്ഒയുമായി രാത്രി ഏറെ വൈകി നടന്ന ചർച്ചയിലാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്.
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരണം വർധിച്ചുവരികയാണ്. നേരത്തേയും വയനാടിന്‍റെ വിവിധ ഭാഗങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ അധികൃതര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
അറുമുഖൻ്റെ ശരീരം ഇന്ന് പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.