ലോക ശ്രദ്ധ പിടിച്ചുപറ്റി കൊച്ചി വാട്ടര്‍മെട്രോ മൂന്നാം വര്‍ഷത്തിലേക്ക്

കൊച്ചി : കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍മെട്രോ സര്‍വ്വീസ് മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.
വാട്ടര്‍ മെട്രോയെന്ന ഈ ജലഗതാഗത സംവിധാനം വളരെ കുറഞ്ഞ ചിലവില്‍ പൊതു ഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിറവേറ്റുകയും റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുമെന്ന്് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
അതുല്യമായ യാത്ര അനുഭവം, ജലയാത്രയ്ക്ക്് ഇത്രയേറെ വ്യത്യസ്തയും ആസ്വാദ്യതയും ആവേശവും സുഖവും പ്രദാനം ചെയ്യുന്ന മറ്റൊന്നില്ല… വാട്ടര്‍മെട്രോയിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള അനുഭവക്കുറിപ്പുകള്‍ നിരവധിയാണ്. കൊച്ചി വാട്ടര്‍മെട്രോയുടെ മികവുറ്റ പദ്ധതി നിര്‍വ്വഹണവും അതുല്യമായ സര്‍വ്വീസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളില്‍ കൂടി ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് കരുത്തുപകര്‍ന്നിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഈ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം വന്നുകഴിഞ്ഞു. ലോക ബാങ്കും വാട്ടര്‍മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളും ചുരുങ്ങിയകാലയളവിനുള്ളില്‍ കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കി.