“നദീജല കരാര്‍ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കും”: നയതന്ത്ര യുദ്ധത്തിനു തയ്യാറായി പാക്കിസ്ഥാനും

0

ന്യൂഡല്‍ഹി: പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും തീരുമാനിച്ചു. വാഗ അതിർത്തി അടയ്ക്കുമെന്നും പാകിസ്ഥാൻ അറിയിച്ചു.

സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതും തങ്ങള്‍ക്ക് വെള്ളം നിഷേധിക്കുന്നതും യുദ്ധമായി കണക്കാക്കും. പാക് ജനതയുടെ പരമാധികാരത്തിന് നേരെയുള്ള കടന്ന് കയറ്റത്തിന് തക്ക മറുപടിയുണ്ടാകും.പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കൗൺസിൽ യോ​ഗത്തിന് ശേഷമാണ് ഇന്ത്യയ്ക്ക് മറുപടി നൽകിയത്. ഇന്നലെ ഇന്ത്യ സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്‌തിരുന്നു.ഇന്ത്യയിലെ അമൃത്സറിനും പാകിസ്ഥാനിലെ ലാഹോറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന അട്ടാരി-വാഗ അതിർത്തി വിനോദസഞ്ചാരികളുടെ അടക്കം ഒരു പ്രധാന യാത്രാ മാർഗമാണ്. സാധുവായ അംഗീകാരത്തോടെ അതിർത്തി കടന്നവർക്ക് 2025 മെയ് വരെ തിരികെയെത്താം എന്നതാണ് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന നിർദേശം. ചരക്ക് ഗതാഗതം ടൂറിസം എന്നിവയെ ഇത് സാരമായി ബാധിച്ചേക്കും.

അതേസമയം 1960ലെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പക്വതയില്ലാത്തതും ധൃതിപിടിച്ചുള്ളതുമാണെന്ന് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കുന്നതിനിടെ വിമര്‍ശിച്ചതായി ഡാണ്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇന്ത്യ ഇതുവരെ തെളിവുകളൊന്നും നല്‍കിയിട്ടില്ല. അവരുടെ പ്രവൃത്തി തികച്ചും അപക്വമാണെന്നും ദര്‍ പറഞ്ഞു. ഗൗരവമായ ഒരു സമീപനമല്ല ഇത്. സംഭവത്തെ മുതലാക്കാനുള്ള ശ്രമമാണ് അവരുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം നേരത്തെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ജീവന്‍ നഷ്‌ടപ്പെട്ടതില്‍ അനുശോചനം അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്ത് വിട്ടിരുന്നു.

ഇന്ത്യയുടെ നടപടികള്‍ ഉഭയകക്ഷി ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. 2019ലെ പുല്‍വാമ-ബാലക്കോട്ട് ആക്രമണങ്ങളോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

സിന്ധു നദീജല കരാര്‍ ദ്ദാക്കിയത് ജല തര്‍ക്കത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുകയെന്ന് ഡാണ്‍ റിപ്പോര്‍ട്ട് ചെയ്‌തു. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതോടെ പാകിസ്ഥാൻ്റെ ജലസേചനം, ഊർജോത്പാദനം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സ്ഥിരത തുടങ്ങി വിവിധ മേഖലകളിൽ വലിയ പ്രതിസന്ധികളാണ് ഉണ്ടാകാൻ പോകുന്നത്. പാകിസ്ഥാനിലെ കൃഷി പ്രധാനമായും സിന്ധു നദീതടത്തിലെ ജലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് സാര്‍ക്ക് വിസ ഉപയോഗിച്ച് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സാര്‍ക്ക് എക്‌സെംപ്ഷന്‍ വിസകള്‍ റദ്ദാക്കിയതായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ എസ്‍വിഇഎസ് വിസ പ്രകാരം ഇന്ത്യയിലുള്ള പാകിസ്ഥാൻ പൗരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദേശം. നിലവിൽ മുമ്പ് അനുവദിച്ച വിസകൾ റദ്ദാക്കുകയും ഇനി വിസ അനുവദിക്കില്ലെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *